കണ്ണൂരിലെ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവം: സമഗ്ര അന്വേഷണം വേണമെന്ന് കെ.കെ. രാഗേഷ്

കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ വാടക വീടിനുള്ളില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ സ്ഫോടനത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. സ്ഫോടനത്തിന് പിന്നിലെ അനൂപ് മാലിക് കോൺഗ്രസ്സ് ബന്ധമുള്ളയാൾ ആണ്. ഉത്സവ സീസൺ അല്ലാത്ത സമയത്ത് സ്ഫോടക വസ്തു ഉണ്ടാക്കിയത് സംശയാസ്പദം ആണെന്നും അദ്ദേഹം പ്രതികരിച്ചു.

എക്സ്പ്ലോസിവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തത്. അനൂപ് മാലിക് എന്നയാളാണ് സ്ഫോടനമുണ്ടായ വീട് വാടകക്ക് എടുത്തത്. ഇയാള്‍ക്കെതിരെയാണ് പൊലീസ് എക്സ്പ്ലോസിവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം നിലവില്‍ കേസെടുത്തിരിക്കുന്നത്. 2016-ല്‍ പൊടിക്കുണ്ട് വീട്ടിലുണ്ടായ സ്ഫോടനത്തിലെ പ്രതിയാണ് അനൂപ് മാലിക്. പൊടിക്കുണ്ട് വീട്ടിലെ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചിരുന്നു.

ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് കീഴറയിലെ വീട്ടിലെ വാടകവീട്ടില്‍ സ്ഫോടന മുണ്ടാകുന്നത്. സ്ഫോടനത്തില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍ ആണ്. രണ്ടുപേരാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നാണ് നാട്ടുകാരില്‍ നിന്നും ലഭിക്കുന്ന വിവരം.

പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും സാരമായ നാശനഷ്ടമുണ്ടായി. നിരവധി വീടുകളുടെ വാതിലുകള്‍ തകരുകയും ചുമരുകളില്‍ വിള്ളലുകള്‍ വീഴുകയും ജനാലകളടക്കം തകരുകയും ചെയ്തു.

