ബഷീറിനെ തൊട്ടറിഞ്ഞ് ആസ്വാദകർ: രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയിൽ ശ്രദ്ധേയമായി ‘അനൽഹഖ്’

17-ാമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയിൽ ശ്രദ്ധേയമായി ‘അനൽഹഖ്’. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയുടെ പ്രദർശനം നിറഞ്ഞ സദസ്സിൽ, നിലക്കാത്ത കൈയടികളോടെ ആസ്വാദകർ സ്വീകരിച്ചു. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല നിർമ്മിച്ച ചിത്രത്തിന്റെ സംവിധാനം ഡോ. രാജീവ് മോഹനൻ ആർ ആണ്.

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളെ ആസ്പദമാക്കി സമഗ്രമായൊരു ആവിഷ്കാരമാണ് അനൽഹഖ്. നീയാകുന്ന ഞാനും ഞാനാകുന്ന നീയും എന്ന ടാഗ് ലൈനോടൊ ഒരുക്കിയ ചിത്രത്തിൽ ബഷീറിന്റെ കഥകളിലെ കഥാപത്രങ്ങളെയും, ജീവിച്ചിരിക്കുന്ന കഥാപത്രങ്ങളെയും കാണാൻ സാധിക്കും. നാടകത്തിന്റെ മേമ്പൊടി ചേർത്ത് കഥാസന്ദർഭങ്ങളും കോർത്തിണക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വായിച്ചറിഞ്ഞ കഥാപാത്രങ്ങളെ ദൃശ്യാവിഷ്കാരത്തിലൂടെ അടുത്തറിയാനും ആസ്വാദകർക്ക് സാധിച്ചു.

ബഷീറിന്റെ കഥകളിലൂടെയറിഞ്ഞ, ഇടങ്ങളിലൂടെ, ബഷീറിന്റെ കഥാപാത്രങ്ങളായ മനുഷ്യരിലൂടെ സഞ്ചരിക്കുന്ന ദൃശ്യാവിഷ്കാരം ഹുത്തിന ഹാലിത്ത ലുട്ടാപ്പി എന്ന് പാടി നൃത്തം ചെയ്ത് അവസാനിക്കുന്ന ദൃശ്യാവിഷ്കാരത്തിന് പ്രേമലേഖനത്തിലെ വരികൾ കൂടി ചേരുമ്പോൾ ബഷീറിന്റെ കൃതി വായിച്ച ആനന്ദമാണ് കാഴ്ചക്കാർക്ക് ലഭിച്ചത്.

