KOYILANDY DIARY.COM

The Perfect News Portal

എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്ന് രാഹുൽ; മാധ്യമങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം തുടരുന്നു

നിരവധി സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന ആരോപണത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കുന്ന പ്രശ്നമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസിലെ മുതിർന്ന നേതാക്കളോടാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്. അതേസമയം പരസ്യ പ്രതികരണങ്ങളിൽ നിന്നുള്ള രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഒളിച്ചോട്ടം ഇന്നും തുടർന്നു. ഷാഫി പറമ്പിലിന്‍റെ പരസ്യ പിന്തുണയ്ക്ക് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ രാജി ആവശ്യം തള്ളിയത്. ദേശീയ – സംസ്ഥാന നേതൃത്വങ്ങൾക്ക് തലവേദന സൃഷ്ടിക്കുന്നതാണ് രാഹുലിന്‍റെ തീരുമാനം.

പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് രാഹുൽ അനുകൂലികൾ പറയുന്നത്. അതേസമയം പാലക്കാട് എംഎൽഎയായ രാഹുൽ അടൂരിലെ വീട്ടിൽ നിന്നും ഇന്നും പുറത്ത് ഇറങ്ങിയില്ല. പൊതു പരിപാടികളിൽ നിന്നും എംഎൽഎ ഇന്നും വിട്ടു നിന്നു. രാവിലെ മുതൽ പ്രതികരണത്തിനായി രാഹുലിന്‍റെ വീടിന് മുന്നിൽ മാധ്യമങ്ങൾ കാത്തുനിന്നെങ്കിലും പ്രതികരിച്ചില്ല. സാമൂഹ്യ മാധ്യമങ്ങളിലും രാഹുൽ മൗനം തുടരുകയാണ്.

 

ഒന്നിന് പുറകെ ഒന്നായി ആരോപണങ്ങൾ എത്തുന്നതാണ് യുവ എംഎൽഎയെ പ്രതിസന്ധിയിലാക്കിയത്. മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടാൽ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടിവരും. ഇത് ഒഴിവാക്കാനാണ് രാഹുലിന്റെ ശ്രമമെന്നും വ്യക്തം. കോൺഗ്രസ് – യൂത്ത് കോൺഗ്രസ് നേതാക്കൾ, രാജിവെച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ വീട്ടിലെത്തി സന്ദർശിക്കുന്നുണ്ട്. എന്നാൽ ആരും രാഹുലിനെ പ്രതിരോധിക്കിനായി മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ കൂട്ടാക്കിയില്ല. പ്രതിഷേധം തുടർന്നാൽ പാലക്കാട്ടേക്കുള്ള രാഹുൽ മാങ്കൂട്ടത്തിലിന്‍റെ യാത്ര നീളാൻ തന്നെയാണ് സാധ്യത.

Advertisements
Share news