KOYILANDY DIARY.COM

The Perfect News Portal

ഓണസമ്മാനമായി രണ്ട് മാസത്തെ ക്ഷേമ പെൻഷൻ. 1679 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണ സമ്മാനമായി രണ്ട് ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ ഓണത്തിന്‌ 3200 രൂപവീതം ലഭിക്കുന്നത്‌. ആഗസ്തിലെ പെൻഷന് പുറമെ ഒരു ഗഡു കുടിശിക  കൂടിയാണ് അനുവദിച്ചത്.

ശനിയാഴ്ച മുതൽ ഇത്‌ ഗുണഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രെഡിറ്റ്‌ ചെയ്യേണ്ടത്.

 

Share news