KOYILANDY DIARY.COM

The Perfect News Portal

വയോധികയുടെ സ്വർണമാല കവർന്ന പ്രതികൾ പിടിയിൽ

കോഴിക്കോട്: പന്നിയങ്കരയിൽ വയോധികയുടെ മാല പൊട്ടിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. നടുവട്ടം സ്വദേശി നവാസ് അലി, ബാസിത് എന്നിവരെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. പന്നിയങ്കര സ്വ​​ദേശി ശീലാവതിയുടെ സ്വർണമാല പൊട്ടിച്ച് പ്രതി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദ‍ൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നവാസ്‌ അലി മോഷ്ടിച്ചുകൊണ്ടുവരുന്ന സ്വർണം വിറ്റുകൊടുക്കാൻ സഹായിച്ചയാളാണ് ബാസിത്. തിങ്കളാഴ്ചയാണ്‌ കേസിനാസ്പദമായ സംഭവം.

വൈകിട്ട്‌ പന്നിയങ്കര വി കെ കൃഷ്ണമേനോൻ റോഡിലൂടെ നടന്നുപോവുകയായിരുന്ന തിരുനിലംവയൽ സ്വദേശിനിയുടെ ഒരു പവൻ തൂക്കമുള്ള മാല സ്കൂട്ടറിൽവന്ന്‌ പൊട്ടിക്കുകയായിരുന്നു. കടുംനിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തി മോഷണം നടത്തിയശേഷം വസ്ത്രം മാറി രക്ഷപ്പെടുന്നതായിരുന്നു ഇയാളുടെ രീതി. സംഭവ ദിവസം സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന്‌ പ്രതിയെക്കുറിച്ച്‌ വിവരം ലഭിച്ചിരുന്നു. ചാലപ്പുറത്ത് നിന്ന് മോഷ്ടിച്ച സ്കൂട്ടറിലെത്തിയാണ്‌ പ്രതി മോഷണം നടത്തിയത്‌.

 

വ്യാഴാഴ്‌ച രാവിലെ പ്രതി കോഴിക്കോട്ടെത്തി പുതിയ ഇരകളെ കണ്ടെത്താൻ ശ്രമിക്കുന്ന സമയത്താണ് പിടിയിലാകുന്നത്‌. പ്രതിക്ക് മുമ്പ്‌ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞതിനും സ്ത്രീകളെ ശല്യം ചെയ്തതിനും പന്നിയങ്കര, നല്ലളം സ്റ്റേഷനുകളിലും വാഹനമോഷണത്തിന് കസബ പൊലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്. ഫറോക്ക്‌ അസി. കമീഷണർ എ എം സിദ്ദിഖ്‌, പന്നിയങ്കര സിഐ എസ്‌ സതീഷ്‌കുമാർ, എസ്‌ഐ പ്രസന്നകുമാർ, എസ്‌സിപിഒമാരായ ദിലീപ്‌, ശരത്‌രാജൻ, സിപിഒ പ്രജീഷ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.

Advertisements

 

Share news