നാണംകെട്ട് പടിയിറക്കം; യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു

വെളിപ്പെടുത്തലുകളിലും വിവാദങ്ങളിലും ഉലഞ്ഞ് ഒടുവിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ മാങ്കൂട്ടത്തിലിന് നാണംകെട്ട പടിയിറക്കം. യൂത്ത് കോൺഗ്രസ് ദേശീയ കമ്മറ്റിക്ക് അദ്ദേഹം രാജി സമർപ്പിച്ചു. പകരം അബിൻ വർക്കിക്കും കെഎം അഭിജിത്തിനുമാണ് സാധ്യത കൽപ്പിക്കുന്നത്. ആരോപണങ്ങൾ ഉയർന്നതോടെ രാഹുലിന് ഒരു ഇളവും നല്‍കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാട് സ്വീകരിച്ചിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയാലും എം എൽ എ സ്ഥാനം തുടർന്നേക്കും.

വിഷയത്തിൽ പാര്‍ട്ടി ഗൗരവമായി പരിശോധിക്കുമെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പറഞ്ഞ് വി ഡി സതീശനും രാഹുലിനെ കൈവിട്ടിരുന്നു. മോശം സന്ദേശങ്ങൾ അയച്ചെന്ന ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ കുറ്റക്കാരനല്ലെന്ന് തെളിയിക്കണം എന്ന് യൂത്ത് കോൺഗ്രസിൽ തന്നെ ആവശ്യവുമുയർന്നിരുന്നു.

വിഷയത്തിൽ എ ഐ സി സി നേതാക്കള്‍ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ദീപാ ദാസ് മുന്‍ഷി വി ഡി സതീശനുമായാണ് ചര്‍ച്ച നടത്തിയത്. വനിതകള്‍ക്ക് എതിരായ അതിക്രമം ആര് നടത്തിയാലും കോണ്‍ഗ്രസ് സംരക്ഷിക്കില്ലെന്ന് പാലക്കാട് ഡി സി സി പ്രസിഡൻ്റ് എ തങ്കപ്പനും നിലപാടെടുത്തിരുന്നു.

ഇന്നലെയാണ് ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ സോഷ്യൽ മീഡിയ വഴി മോശമായി സന്ദേശമയച്ചു എന്ന് യുവനടി റിനി ആൻ ജോർജ് വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ സമാന അനുഭവം വെളിപ്പെടുത്തി കൂടുതൽ പേർ രംഗത്തെത്തിയത് രാഹുലിനെ വെട്ടിലാക്കിയിരുന്നു.

