പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ കാണാതായി

പത്തനംതിട്ട: ജില്ലാ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ കാണാതായി. പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നാണ് റാന്നി സ്വദേശികളായ അനി-അജിത ദമ്പതികളുടെ നാലു ദിവസം പ്രായമായ നവജാതശിശുവിനെ കാണാതായത്.
ഇന്ന് രാവിലെ മുതലാണ് കുഞ്ഞിനെ കാണാതായത്. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 30 വയസ് പ്രായം തോന്നിക്കുന്ന യുവതിയെയും ഇന്ന് രാവിലെ മുതല്‍ കാണാനില്ല. കുഞ്ഞിനെ ഇവര്‍ തട്ടിക്കൊണ്ടുപോയതാകാമെന്ന നിഗമനത്തിലാണ് പോലീസ്.

ഇന്ന് രാവിലെ കുട്ടിയുടെ മാതാവ് അനിതയെ ശസ്ത്രക്രിയക്കായി ഓപ്പറേഷന്‍ തീയേറ്ററില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് മുത്തശ്ശിയാണ് കുട്ടിയെ പരിചരിച്ചിരുന്നത്. ഈ സമയത്ത് കടന്നുവന്ന അപരിചിതയായ സ്ത്രീ കുട്ടിയുടെ പരിചരണം എറ്റെടുത്തു കൊണ്ട് മുത്തശ്ശിയെ തുണിയലക്കുന്നതിനായി പറഞ്ഞു വിടുകയായിരുന്നെന്നും തിരികെ വന്നപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നെന്നുമാണ് ഇവര്‍ പൊലിസില്‍ മൊഴി നല്‍കിയിട്ടുള്ളത്.

യുവതിയെക്കുറിച്ച് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരുടെ വീടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയാണ്. എന്നാല്‍ ഇതില്‍ ഒരു വ്യക്തത വൈകരിക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

