കോഴിക്കോട് നാദാപുരത്ത് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വ്യാപക മോഷണം

കോഴിക്കോട് നാദാപുരം മേഖലയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വ്യാപക മോഷണം. പുറമേരിയിലെ രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. സംഭവത്തിൽ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. പുലർച്ചെ രണ്ടരയോടെയാണ് പുറമേരിയിലെ നരസിംഹ മൂർത്തി ക്ഷേത്രത്തിലും, തൊട്ടടുത്തുള്ള കോട്ടത്ത് ക്ഷേത്രത്തിലുൾപ്പെടെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നത്. പുറമേരിയിലെ നരസിംഹമൂർത്തി ക്ഷേത്രത്തിലെ വാതിൽ തുറന്ന് അകത്ത് പ്രവേശിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്.

ഇതിനിടെ ശബ്ദം കേട്ട് ക്ഷേത്രജീവനക്കാരൻ സ്ഥലത്തെത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപെടുകയായിരുന്നു. ഭണ്ഡാരത്തിലെ മുഴുവൻ പണവും മോഷ്ടാവ് കൈക്കലാക്കിയതായി ക്ഷേത്ര പൂജാരി പറഞ്ഞു. അതേസമയം, സമീപത്തുള്ള സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി നാദാപുര പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഇരിങ്ങണ്ണൂർ പുതിയോട്ടിൽ ഭഗവതി ക്ഷേത്രം, കുമ്മങ്കോട് അയ്യപ്പ ഭജന മഠം എന്നിവിടങ്ങളിലും മോഷണം നടന്നിരുന്നു.

