കളിയും ചിരിയുമായി സമയം ചെലവഴിക്കാന്‍ കൊയിലാണ്ടി നഗരസഭയുടെ ഹാപ്പിനെസ് പാര്‍ക്കുകള്‍
കൊയിലാണ്ടി: കളിയും ചിരിയുമായി സമയം ചെലവഴിക്കാന്‍ കൊയിലാണ്ടി നഗരസഭയുടെ ഹാപ്പിനെസ് പാര്‍ക്കുകള്‍. ഇത് ജനകീയതയില്‍ തീര്‍ത്ത കൊയിലാണ്ടിയുടെ ശുചിത്വ പെരുമ. വൃത്തിഹീനമായ പൊതുസ്ഥലങ്ങളും മാലിന്യ കൂമ്പാരങ്ങളുമെല്ലാം കൊയിലാണ്ടിയില്‍ പഴങ്കഥയാണ്. നഗരസഭയിലെ മാലിന്യകൂനകളായിരുന്ന ഇടങ്ങളെല്ലാം ജനങ്ങള്‍ക്ക് വൈകുന്നേരങ്ങളില്‍ സൊറ പറഞ്ഞിരിക്കാനും കലാപരിപാടികള്‍ നടത്താനുമുള്ള മനോഹരമായ പാര്‍ക്കായി മാറ്റിയിരിക്കുകയാണ് നഗരസഭ. നഗര ഹൃദയത്തിലായി അഞ്ച് ഹാപ്പിനസ് പാര്‍ക്കുകളാണ് നഗരസഭ ഒരുക്കിയത്.

നഗരസഭ ഫണ്ടിനോടൊപ്പം നഗരത്തിലെ വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയോടെയും സ്പോണ്സര്ഷിപ്പോടു കൂടിയുമാണ് പാര്‍ക്കുകള്‍ നിര്‍മ്മിച്ചത്. സ്നേഹാരാമം, ഹാപ്പിനസ്സ് പാർക്ക്, യു എ ഖാദര്‍ പാര്‍ക്ക്, ജൈവ വൈവിധ്യ പാര്‍ക്ക്, സായാഹ്ന പാർക്ക് തുടങ്ങി അഞ്ച് പാര്‍ക്കുകളാണ് നിലവില്‍ ഉളളത്. നഗരത്തില്‍ ബസ് സ്റ്റാന്‍ഡിന് വശത്തായി മൂന്നും സിവില്‍ സ്റ്റേഷന് സമീപം ഒന്നും ജൈവവൈവിധ്യ കേന്ദ്രത്തിൽ ഒന്നുമാണ് ഉളളത്.

ഹാപ്പിനസ് പാര്‍ക്കുകളുടെ നിര്‍മ്മാണത്തിന് പിന്നിലെ പ്രധാന ആശയം നഗരമുഖഛായക്ക് മങ്ങലേല്‍പ്പിക്കുന്ന വൃത്തിഹീനമായ അന്തരീക്ഷവും നഗരത്തിലെത്തുന്നവര്‍ക്ക് ഒഴിവ് സമയം ചിലവിടാന്‍ വൃത്തിയും ചേലുമുളള ഇടങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്ന് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് പറഞ്ഞു.
കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന് സമീപത്ത് നാഷണല്‍ ഹൈവേയോട് ചേര്‍ന്ന് മാലിന്യനിക്ഷേപ കേന്ദ്രമായിരുന്ന സ്ഥലത്താണ് സ്നേഹാരാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാര്‍ക്ക് നിര്‍മ്മിച്ചത്.

പൊതുജനങ്ങളുടെയും എന്‍എസ്എസ് മറ്റ് സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് നിര്‍മ്മാണം. കൊയിലാണ്ടിയുടെ ചരിത്രം വിളിച്ചോതുന്ന ചിത്രങ്ങള്‍ ആലേഖനം ചെയ്തു നിര്‍മ്മിച്ച മനോഹരമായ പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് യോഗങ്ങള്‍ ചേരുന്നതിനും സമയം ചെലവഴിക്കുന്നതിനുമായി ഇരിപ്പിടങ്ങളും ഊഞ്ഞാല് ഉള്‍പ്പെടെയുള്ള ഉല്ലാസ ഉപാധികള്‍ സ്ഥാപിക്കുകയും ദീപാലംകൃതമാക്കുകയും ചെയ്തിട്ടുണ്ട്. പുനരുപയോഗ വസ്തുക്കള്‍കൊണ്ടാണ് സ്നേഹാരാമത്തിന്റെ പകുതി നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ജനകീയ ഫണ്ട് സമാഹരണത്തിലൂടെ ഏഴ് ലക്ഷം രൂപ ചെലവിലാണ് ഇത് സാധ്യമാക്കിയത്.

കൊയിലാണ്ടി നഗരത്തിന്റെ ഹൃദയഭാഗത്ത് പഴയ ബസ്റ്റാന്റിന്റെ മുന്‍വശത്തായി നഗരത്തിലെത്തുന്നവര്‍ക്ക് മാനസിക ഉല്ലാസത്തിനായി പുതിയൊരിടം സമ്മാനിച്ചിരിക്കുകയാണ് ഹാപ്പിനസ്സ് പാര്‍ക്കിലൂടെ നഗരസഭ. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പൊതുജനങ്ങളും മാലിന്യങ്ങള്‍ വലിച്ചെറിയുന്ന സ്ഥലത്താണ് സ്പോണ്‍സര്‍ഷിപ്പിലൂടെ 13 ലക്ഷം രൂപ ചെലവില്‍ ഹാപ്പിനസ് പാര്‍ക്ക് നിര്‍മ്മിച്ചത്. മനോഹരമായ പുല്‍ത്തകിടും, ഇരിപ്പിടങ്ങളും, ചെടികളും, മരങ്ങളും കുടിവെള്ള സൗകര്യം, വൈഫൈ, റേഡിയോ, ടിവി കാണാനുള്ള സൗകര്യം, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ്, സിസിടിവി എന്നിവയും ഒരുക്കി. കലാസാംസ്കാരിക പരിപാടികള്‍ക്കായി സ്റ്റേജും ഒരുക്കിയിട്ടുണ്ട്.

നഗരസഭ ബസ്സ്റ്റാന്‍ഡിനടുത്ത് തെരുവ് കച്ചവട കേന്ദ്രത്തിനടുത്തായി യു എ ഖാദറിന്റെ പേരിലാണ് സംസ്കാരിക പാര്‍ക്ക് സ്പോണ്‍സര്‍ഷിപ്പിലൂടെ ഏഴര ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ചത്. ചെടികളും, പുല്‍ത്തകിടിയും, ഇരിപ്പിടങ്ങളും ഒരുക്കി പാര്‍ക്ക് മനോഹരമാക്കി. കേരളത്തിന്റെ സാംസ്കാരിക പെരുമ ഉണര്‍ത്തുന്ന ചുമര്‍ചിത്രങ്ങളും പാര്‍ക്കില്‍ ഒരുക്കി. മനോഹരമായ കവാടവും, വൈദ്യുതകാലുകള്‍ കൊണ്ട് ദീപാലംകൃതമാക്കി. സാംസ്കാരിക പരിപാടികള്‍ നടത്തുന്നതിനായി സ്റ്റേജ് സൗകര്യവും പാര്‍ക്കില്‍ ഒരുക്കി. പൊതുജനങ്ങള്‍ക്കായി ചെറിയ ലൈബ്രറി സൗകര്യവും നഗരസഭ ഒരുക്കുന്നുണ്ട്.

നഗരത്തില്‍ നിന്നും മാറി കൊടുക്കാട്ടുംമുറിയില് നെല്യാടി പുഴയോരത്താണ് നഗരസഭയുടെ ജൈവവൈവിധ്യ പാര്‍ക്ക്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സാമ്പത്തിക സഹകരണത്തോടുകൂടി ജനകീയ ജൈവവൈവിധ്യ പരിപാലന സമിതിയുടെ മേല്‍ നോട്ടത്തില്‍ മൂന്ന് ലക്ഷം രൂപ ചെലവിലാണ് പാര്‍ക്ക് ഒരുക്കിയത്. 300 മീറ്റര്‍ നീളത്തില്‍ ആറ് മീറ്ററോളം വീതിയിലും ഒരു ബണ്ടും ചീര്‍പ്പുമായി സര്‍ക്കാര്‍ വക ഭൂമിയിൽ വിവിധയിനം മരങ്ങളും കണ്ടലുകളും കൊണ്ട് സമ്പന്നമാണ് ജൈവവൈവിധ്യ പാര്‍ക്ക്.

വിവിധയിനം പക്ഷികളുടെയും ദേശാടനക്കിളികളുടെയും ആവാസകേന്ദ്രം കൂടിയാണ് ഇവിടം. പാര്‍ക്കിനോട് ചേര്‍ന്ന തണ്ണീര്‍ത്തടം വിവിധയിനം മത്സ്യങ്ങളുടെ പ്രജനനകേന്ദ്രം കൂടിയാണ്. പാര്‍ക്കില്‍ എത്തിച്ചേരുന്നവര്‍ക്കായി ഇരിപ്പിടങ്ങളും ദൂരക്കാഴ്ച ലഭിക്കുന്നതിനായി ഏറുമാടവും ഉല്ലസിക്കുന്നതിനായി ഊഞ്ഞാല് ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്. വിവിധയിനം ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുകയും മരങ്ങളുടെയും ചെടികളുടെയും ശാസ്ത്രീയ നാമം എഴുതി വെക്കുകയും ചെയ്തു.

നഗരസഭ ബസ്സ്റ്റാൻഡിന് സമീപം ജനകീയ പങ്കാളിത്തത്തോടെ 6.5 ലക്ഷം രൂപ ചെലവിൽ നിർമിച്ചതാണ് സായാഹ്ന പാർക്ക്. കലാ സാംസ്കാരിക പരിപാടികൾ നടത്തുന്നതിനായി ഓപ്പൺ സ്റ്റേജും പാർക്കിന് അനുബന്ധമായി പണി കഴിപ്പിച്ചിട്ടുണ്ട്. നഗരത്തിലെത്തുന്നവർക്കും കച്ചവടക്കാർക്കും ബസ് കാത്തിരിക്കുന്നവർക്കും വിശ്രമ വേളകൾ ആനന്ദകരമാക്കാൻ ഇതുവഴി കഴിയും.

കൊയിലാണ്ടിയില്‍ ദൈനംദിനം വരുന്ന ജനങ്ങള്‍ക്ക് തണലൊരുക്കുന്നൊരിടം കൂടിയാണ് ഈ പാര്‍ക്കുകള്‍. പാര്‍ക്കുകളില്‍ ജനങ്ങള്‍ക്ക് വന്നിരിക്കാന്‍ ഇരിപ്പിടങ്ങളും ശ്രവണമാധുര്യവും ഒരുക്കി. പൊതു പരിപാടികള്‍ സംഘടിപ്പിച്ച് കലയെ പ്രോത്സാഹിപ്പിക്കും വിധം വേദികളും സജ്ജമാക്കി. ആവശ്യമായ ബിന്നുകള്‍, ഹരിത സന്ദേശങ്ങള്‍, കാഴ്ചക്കാരുടെ അറിവും മനസും നിറയ്ക്കുന്ന തരത്തില്‍ ചുമര് ചിത്രങ്ങളും തയാറാക്കി. ഇതിലൂടെ ജനങ്ങള്‍ക്കിടയില്‍ മാലിന്യ പരിപാലനത്തിന്റെ പ്രാധാന്യം സംബന്ധിച്ച നിശ്ശബ്ദ പ്രചരണം ഒരുക്കാന്‍ നഗരസഭയ്ക്ക് സാധിച്ചതായി വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ പറഞ്ഞു.



