അനധികൃത ഔഷധ ശേഖരവും, വില്പനയും അടിയന്തിര നടപടികൾ സ്വീകരിക്കണം: കെ പി പി എ

കോഴിക്കോട് : ജില്ലയിലെ പല ഭാഗങ്ങളിലും ഡോക്ടർമാരുടെ പേരിൽ മരുന്നുകൾ ബില്ല് ചെയ്ത് കൊണ്ട്, ഫാർമസിസ്റ്റോ, ഡ്രഗ്ഗ് ലൈസൻസോ ഇല്ലാതെ അനധികൃതമായി വലിയ രീതിയിലുള്ള മരുന്ന് വില്പനകൾ നടക്കുകയാണ്. പല സ്വകാര്യ ക്ലിനിക്കുകൾ, ത്വക് രോഗ ഡോക്ടർമാരുടെ ക്ലിനിക്കുകൾ, ദന്തൽ ക്ലിനിക്കുകൾ, പൈൽസ് ഫിസ്റ്റുല ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ നിന്നും ആൻ്റിബയോട്ടിക് ഉൾപ്പെടെയുള്ള മരുന്നുകൾ വൻതോതിൽ വിറ്റു വരികയാണ്. ഇതിനെതിരെ അടിയന്തിര നടപടികൾ ഡ്രഗ്ഗ് ഡിപ്പാർട്ട്മെൻ്റ് സ്വീകരിക്കണമെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഡ്രഗ്ഗ് ലൈസൻസ് എടുക്കാതെ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് കൊണ്ട് സർക്കാരിന്ന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാവുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ മരുന്നുകൾ സൂക്ഷിക്കുന്നതിനോ, എവിടെ നിന്ന് മരുന്ന് ലഭിച്ചു എന്നതിനോ വിറ്റു പോയതിനോ യാതൊരു രേഖകളും സൂക്ഷിക്കേണ്ടതില്ല. പല സ്ഥലങ്ങളിലും ബില്ലുകൾ നൽകുന്നില്ല. ഫാർമസിസ്റ്റുമാരില്ലാത്തതിനാൽ തോന്നിയ ആളുകൾ മരുന്നുകൾ ഡിസ്പെൻസ് ചെയ്യുന്ന അവസ്ഥയാണ് ഉള്ളത്. സംസ്ഥാന സെക്രട്ടറി പി.പ്രവീൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പി. ഷറഫുന്നീസ അദ്ധ്യക്ഷയായി. ജയൻ കോറോത്ത്, എൻ. സിനീഷ്, കെ.എം. സുനിൽകുമാർ, ടി.വി. ഗംഗാധരൻ, എം. ഷറിൻ കുമാർ, എ. ശ്രീശൻ, ഷജിൻ എം, അരുണാ ദാസ്, സുകുമാരൻ ചെറുവത്ത് എന്നിവർ സംസാരിച്ചു.
