KOYILANDY DIARY.COM

The Perfect News Portal

ഭിത്തിയിടിഞ്ഞ് ദേഹത്തു വീണ് തൊഴിലാളി മരിച്ച സംഭവം: ക്രഷര്‍ പ്രവര്‍ത്തിച്ചത് നിയമങ്ങള്‍ പാലിച്ചല്ലെന്ന് ആക്ഷേപം

കുറ്റ്യാടി: ഭിത്തിയിടിഞ്ഞ് ദേഹത്തു വീണ് കഴിഞ്ഞ ദിവസം തൊഴിലാളി മരിച്ച പാലോളിയിലെ ക്രഷര്‍ പ്രവര്‍ത്തിച്ചത് നിയമങ്ങള്‍ പാലിച്ചല്ലെന്ന് ആക്ഷേപം. ക്രഷറിലെ സുരക്ഷാ പാളിച്ചകള്‍ തൊഴിലാളികള്‍ പലപ്പോഴായി മാനേജ്മെന്റിന്റെ ശ്രദ്ധയില്‍ പ്പെടുത്തിയിരന്നതായും പറയുന്നു. ദുരന്തത്തില്‍ മരിച്ച ക്രഷറിലെ തൊഴിലാളി മയങ്ങിയില്‍ സത്യന്‍ (28) തന്നെ മെറ്റല്‍ സംഭരണ കേന്ദ്രത്തിന്റെയും മറ്റും അപകടാവസ്ഥ പലപ്പോഴായി ചൂണ്ടിക്കാട്ടിയിരുന്നതായും പറയുന്നു.

സുരക്ഷാ സൗകര്യമൊന്നുമൊരുക്കാതെ ഈ ക്രഷര്‍ ആധുനിക സൗകര്യങ്ങളോടെ എങ്ങിനെ പ്രവര്‍ത്തിച്ചുവെന്നതിന്ന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അനധികൃത നിലയില്‍ ഈ ക്രഷര്‍ പ്രവര്‍ത്തിക്കുന്നതിന്ന് ഉടമകള്‍ക്ക് ആര് പിന്തുണ നല്‍കിയെന്നും വെളിച്ചത്തു വരേണ്ട കാര്യമാണ്.

 പൊട്ടിച്ചപാറ വിവിധ തരത്തിലുള്ള മെറ്റലാക്കുന്ന യന്ത്രവത്കൃത ക്രഷറാണിത്. ഇതിന്നാവശ്യമായ ഏതൊക്കെ ലൈസന്‍സുകള്‍ ഉടമയ്ക്കുണ്ട് എന്നത് പോലീസന്വേഷണത്തില്‍ കണ്ടെത്തണം. മാത്രവുമല്ല സുപ്രീംകോടതി ഉത്തരവിനെ ത്തുടര്‍ന്ന് ക്വാറികളുടെ പ്രവര്‍ത്തനം ഡിസംബര്‍ 31-ന് ശേഷം തടഞ്ഞിരിക്കുകയാണ്. അങ്ങിനെയെങ്കില്‍ അപകടം നടന്ന മാര്‍ച്ച്‌ മാസത്തിലും ഈ ക്രഷറില്‍ മെറ്റലടിക്കാന്‍ വേണ്ട കരിങ്കല്ലുകള്‍ എങ്ങിനെയെത്തി എന്ന കാര്യവും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്.

പഴയ പഞ്ചായത്ത് ലൈസന്‍സിന്റെ മറവിലാണ് ക്രഷര്‍ ഇതുവരെ സുഗമമായി പ്രവര്‍ത്തിച്ചതെന്നാണ് പറയുന്നത്. എന്നാല്‍ പിന്നീട് ക്രഷറില്‍ മെറ്റല്‍ സംഭരിക്കാനുള്ള കൂറ്റന്‍ സംഭരണിയടക്കം നിര്‍മിച്ചു. ചട്ടം ലംഘിച്ച്‌ അനധികൃത നിലയില്‍ കെട്ടിടം നിര്‍മിച്ച ക്രഷര്‍ മാനേജ്മെന്റിനെതിരെ പഞ്ചായത്ത് നടപടികളൊന്നും കൈക്കൊള്ളാത്തത് ദുരൂഹമാണ്. അതേ സമയം പുതിയ ലൈസന്‍സിന്ന് പഞ്ചായത്തില്‍ നല്‍കിയ അപേക്ഷ സുരക്ഷാ കാരണങ്ങളാല്‍ നിരസിച്ചതായും പറയുന്നു.

Advertisements

ക്വാറി, ക്രഷര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാന്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളുടെ നിയമപരമായ ഒട്ടേറെ അനുമതികള്‍ ആവശ്യമുണ്ട്. ഇത്തരം ലൈസന്‍സുകളെല്ലാം സമ്പാദിച്ച ശേഷം വിശദമായ പരിശോധനയ്ക്ക് ശേഷമാണ് പഞ്ചായത്ത് ലൈസന്‍സ് നല്‍കേണ്ടത്. എന്നാല്‍ കുറ്റ്യാടി മേഖലയില്‍ ഇത്തരം നിരവധി യൂണിറ്റുകള്‍ ആവശ്യമായ അനുമതി രേഖകളില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തി ചില യൂണിറ്റുകള്‍ക്ക് ബന്ധപ്പെട്ട പഞ്ചായത്തുകള്‍ ലൈസന്‍സ് നല്‍കി വരുന്ന പതിവുമുണ്ട്.

 

 

Share news

Leave a Reply

Your email address will not be published. Required fields are marked *