സഹോദരങ്ങളുടെ മരണത്തിനു പിന്നില്‍ ആരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും: മുഖ്യമന്ത്രി
തിരുവനന്തപുരം: വാളയാറിലെ സഹോദരങ്ങളുടെ മരണത്തിനു പിന്നില്‍ ആരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. എല്ലാ പ്രതികള്‍ക്കുമെതിരെ പോക്സോ ചുമത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീ പീഡകരുടെ റജിസ്റ്റര്‍ സൂക്ഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, പീഡന വാര്‍ത്തകള്‍ സമൂഹത്തില്‍ കടുത്ത ആഘാതമുണ്ടാക്കുന്നുവെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും പറഞ്ഞു.
വാളയാറിലെ കുട്ടികളുടെ മരണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷമാണ് അടിയന്തരപ്രമേയത്തിനു നോട്ടിസ് നല്‍കിയത്. കെ. മുരളീധരന് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. വാളയാറിലെ രണ്ടാമത്തെ കുട്ടി ശരണ്യയുടെ മരണത്തിന് ഉത്തരവാദി പൊലീസാണെന്ന് കെ. മുരളീധരന് പറഞ്ഞു. പൊലീസ് ജാഗ്രത കാട്ടിയിരുന്നെങ്കില്‍ ഇളയകുട്ടി മരിക്കില്ലായിരുന്നു. അമ്മയുടെ മൊഴി ലഭിച്ചിട്ടും അലംഭാവം കാട്ടിയെന്നും അദ്ദേഹം ആരോപിച്ചു.

