KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പരിഷ്‌കരിച്ച ഉച്ചഭക്ഷണ മെനു ഇന്നു മുതല്‍

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പരിഷ്‌കരിച്ച ഉച്ചഭക്ഷണ മെനു ഇന്നു മുതല്‍. 20ഓളം ഇനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഉച്ച ഭക്ഷണ മെനു പരിഷ്‌കരിച്ചത്. സ്‌കൂള്‍ നോട്ടീസ് ബോര്‍ഡിലും ഓഫീസ് മുറിയുടെയും പാചകപ്പുരയുടെയും ചുമരില്‍ പരിഷ്‌കരിച്ച മെനു പ്രദര്‍ശിപ്പിക്കും. ഉച്ചഭക്ഷണം സംബന്ധിച്ച് കുട്ടികളില്‍ നിന്ന് അഭിപ്രായം തേടുകയും ചെയ്യും. നിലവില്‍ ഉച്ചഭക്ഷണത്തിനായി അനുവദിച്ചിട്ടുള്ള ഫണ്ടിന്റെ പരിധിയില്‍ തന്നെ തയ്യാറാക്കാന്‍ കഴിയുന്ന വിഭവങ്ങളാണ് പരിഷ്‌കരിച്ച മെനുവിലും ഉള്ളത്.

ദേശീയ കുടുംബാരോഗ്യ സര്‍വ്വേ പ്രകാരം കേരളത്തിലെ കുട്ടികള്‍ക്ക് 39 ശതമാനം വിളര്‍ച്ചയും 38 ശതമാനം അമിതവണ്ണവും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ പോഷണാംശം ഉള്‍പ്പെടുന്ന വിഭവങ്ങള്‍ ഉച്ചഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ഉച്ചഭക്ഷണത്തിനായി ഫോര്‍ട്ടിഫൈഡ് അരി ആണ് സ്‌കൂളുകളില്‍ ഉപയോഗിക്കുന്നത്. ഇതേ അരി ഉപയോഗിച്ച് ആഴ്ചയില്‍ ഒരു ദിവസം വെജിറ്റബിള്‍ ഫ്രൈഡ്റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി, റ്റൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയും, വെജിറ്റബിള്‍ കറിയോ, കുറുമയോ ഇവയോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും.

 

പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ചമ്മന്തിയും വിളമ്പും. മാസത്തില്‍ ഒന്നോ രണ്ടോ ദിവസം മൈക്രോ ഗ്രീന്‍സും ഉണ്ടാകും. സ്‌കൂളിലെ പോഷകത്തോട്ടത്തില്‍ വിളയിച്ച പപ്പായ, മുരിങ്ങയില, മത്തന്‍, കുമ്പളങ്ങ, പയറു വര്‍ഗങ്ങള്‍, വാഴയുടെ ഉല്‍പ്പന്നങ്ങളായ കായ, തട, കൂമ്പ് എന്നിവയും ചക്ക തുടങ്ങിയ നാടനും പ്രാദേശികവുമായ പച്ചക്കറികളും മെനുവില്‍ ഉണ്ടാകും.
ഉച്ചഭക്ഷണ പദ്ധതിക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള ഫണ്ടിന്റെ പരിധിയില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഇനങ്ങളാണ് പരിഷ്‌കരിച്ച മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭക്ഷണത്തിനെ കുറിച്ചുള്ള അഭിപ്രായം കുട്ടികളില്‍ നിന്ന് ശേഖരിക്കുകയും ചെയ്യും.

Advertisements
Share news