KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യയുടെയും അമേരിക്കയുടെയും ആദ്യ സംയുക്ത ഉപഗ്രഹ ദൗത്യമായ നൈസാറിന്റെ വിക്ഷേപണം ഇന്ന്

ഇന്ത്യയുടെയും അമേരിക്കയുടെയും ആദ്യ സംയുക്ത ഉപഗ്രഹ ദൗത്യമായ നൈസാറിന്റെ വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകിട്ട് 5.40നാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം ആയ നൈസറിനെയും വഹിച്ച് ജിഎസ്എല്‍വി എഫ്-16 റോക്കറ്റ് കുതിച്ചുയരുക.

ഇരട്ട ഫ്രീക്വന്‍സി ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യ റഡാര്‍ സാറ്റലൈറ്റ് ആണ് നൈസാര്‍. നാസ – ഇസ്രോ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ എന്നതിന്റെ ചുരുക്ക പേരായ നൈസാറില്‍ എസ് ബാന്‍ഡ് റഡാര്‍ നിര്‍മ്മിച്ചത് ഐഎസ്ആര്‍ഒയും എല്‍ ബാന്‍ഡ് റഡാര്‍ നിര്‍മ്മിച്ചത് നാസയുമാണ്. ഇതുവരെയുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളെക്കാള്‍ പതിന്മടങ്ങ് വ്യക്തവും കൃത്യവുമായ വിവരങ്ങള്‍ ആകും നൈസാര്‍ കൈമാറുക. ഭൗമോപരിതലത്തിലെ അതി സൂക്ഷ്മമായ മാറ്റങ്ങള്‍ പോലും മനസിലാക്കാന്‍ നൈസാറിനു കഴിയും.

 

ഓരോ 12 ദിവസത്തിലും രണ്ടുതവണ ഭൂമിയെ പൂര്‍ണമായി സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ കണ്ട്രോള്‍ സെന്ററിലേക്ക് ലഭ്യമാക്കും. 747 കിലോമീറ്റര്‍ അകലെയുള്ള സൗരസ്ഥിര ഭ്രമണപഥത്തില്‍ ഭൂമിയെ ചുറ്റിക്കറങ്ങി 254 കിലോമീറ്റര്‍ വിസ്തൃതിയില്‍ വരെ ഭൂമിയിലെ പ്രദേശങ്ങള്‍ സ്‌കാന്‍ ചെയ്ത് ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ നല്‍കാന്‍ ശേഷിയുണ്ട് നൈസാറിന്. കര, ഉപരിതല ജലം, മഞ്ഞുപാളി, ഭൂഗര്‍ഭജലം ജൈവ ആവാസ വ്യവസ്ഥ തുടങ്ങിയവയിലെ സെന്റീമീറ്റര്‍ തലത്തിലുള്ള മാറ്റങ്ങള്‍ പോലും നൈസര്‍ ഒപ്പിയെടുക്കും. ഭൂകമ്പം, പ്രളയം, സുനാമി, മണ്ണിടിച്ചില്‍, അഗ്‌നിപര്‍വ്വത സ്‌ഫോടനം തുടങ്ങിയ പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മുന്‍കൂട്ടി വിവരങ്ങള്‍ അറിയാന്‍ ഇതിലൂടെ സാധിക്കും.

 

ദുരന്തനിവാരണം, കാലാവസ്ഥ, കൃഷി തുടങ്ങി വിവിധ മേഖലകള്‍ക്ക് ഉപകരിക്കുന്ന വിവരങ്ങള്‍ നൈസാര്‍ കൈമാറും. 10 വര്‍ഷത്തിലേറെ സമയമെടുത്താണ് നാസ- ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ഉപഗ്രഹം വികസിപ്പിച്ചെടുത്തത്. പരമ്പരാഗത ഉപഗ്രഹ രൂപകല്‍പ്പനയില്‍ നിന്ന് വ്യത്യസ്തമായി 12 മീറ്റര്‍ വ്യാസമുള്ള ശക്തിയേറിയ റിഫ്‌ലക്ടര്‍ ആന്റിനയാണ് നൈസാറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഐഎസ്ആര്‍ഒയുടെ ഏറ്റവും വിശ്വസ്തമായ കരുത്തുറ്റ ജിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. ജിഎസ്എല്‍വിയുടെ ആദ്യ സൗരസ്ഥിര ഭ്രമണപഥ ദൗത്യം കൂടിയാണ് ഇത്.

Advertisements
Share news