KOYILANDY DIARY.COM

The Perfect News Portal

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ്; വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ രാജന്‍

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. പുനരധിവാസവുമായി ബന്ധപ്പെട്ട് 200 ഓളം പരാതികള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. അപ്പീലുകളില്‍ വൈകാതെ തീരുമാനമുണ്ടാകും. കേസും കോടതി നടപടികളുമാണ് പുനരധിവാസം വൈകിപ്പിച്ചതെന്നും റവന്യൂമന്ത്രി പറഞ്ഞു.

 

പുനരധിവാസ പ്രവര്‍ത്തനങ്ങളായിരുന്നു സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ ടാര്‍ഗറ്റെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥത്തില്‍ ദുരന്തം നടന്ന 62ാമത്തെ ദിവസം ഒക്ടോബര്‍ മൂന്നിന് ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അന്ന് വിജ്ഞാപനം അനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കില്‍ ഇപ്പോള്‍ പൂര്‍ണ്ണമായിട്ടും എല്ലാവര്‍ക്കും ഉള്ള വീട് കൈമാറി, സ്വപ്ന നഗരം തന്നെ കൈമാറാന്‍ നമുക്ക് കഴിയുമായിരുന്നു. പക്ഷേ കേസുകളില്‍ പെട്ടുപോയി. എസ്റ്റേറ്റ് ഉടമകള്‍ക്ക് കേസ് കൊടുത്തു. ഡിസംബര്‍ 27 വരെ അവിടെ പ്രവേശിക്കാന്‍ പറ്റാത്ത വിധം കോടതിയുടെ സ്റ്റേ ഉണ്ടായി.

 

ഡിസംബര്‍ 27ന് അവിടെ പ്രവേശിച്ച് പരിശോധന നടത്താന്‍ കോടതി അനുവാദം തന്ന നാല് ദിവസത്തിനുള്ളില്‍ ക്യാബിനറ്റ് ചേര്‍ന്ന് നഗരത്തിന്റെ പൂര്‍ണ്ണമായിട്ടുള്ള പ്ലാനും അതിന്റെ ഭാഗമായി കൊടുക്കേണ്ട ആ വീടുകളും അതിന്റെ രൂപകല്‍പനയും സ്‌പോണ്‍സര്‍മാരും കമ്പനികളും എല്ലാം ഉള്‍പ്പെടെ ക്യാബിനറ്റ് തീരുമാനിക്കുകയുണ്ടായി. എന്നിട്ടും അകത്ത് പ്രവേശിച്ച് hydrological survey,, topographical survey, physical survey ഒക്കെ നടത്തി മാര്‍ച്ച് ഇരുപത്തിയേഴിനാണ് അവിടെ തറക്കല്ലിടാന്‍ കോടതി അനുവദിച്ചത് – മന്ത്രി വിശദമാക്കി.

Advertisements

 

2025 ഡിസംബര്‍ മാസത്തില്‍ തന്നെ വീടില്ലാത്തവരുടെ പുനരധിവാസം സാധ്യമാകുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. അഞ്ച് സോണുകളായി തിരിച്ചതില്‍ നാല് സോണുകളിലും നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. ഭൂമിയൊരുക്കുന്ന പണി തീര്‍ത്തു, അവിടെ PCC ഉപയോഗിച്ചുകൊണ്ടുള്ള പില്ലര്‍ ഇട്ടിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. ലഭ്യമായത് മൂന്നര മാസമാണ്. മൂന്നര മാസത്തിനുള്ളില്‍ ലോകത്തില്‍ ഒരു ഏജന്‍സിക്കും ചെയ്യാന്‍ പറ്റാത്ത വേഗത്തില്‍ ഒരു വീട് പൂര്‍ത്തിയാക്കി. എന്നുമാത്രമല്ല മറ്റു വീടുകളുടെ വാരം കോരലും ഭൂമി ഒരിക്കലും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് കടന്നു.
മഴയൊന്നു തുറന്നാല്‍ ആഗസ്റ്റ് മാസത്തിലൂടെ മാസത്തില്‍ മുന്നൂറിലേറെ ജീവനക്കാരെ അഞ്ച് സോണിലും ഒരേ സമയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് തീരുമാനം. ഡിസംബറോടു കൂടി നമ്മുടെ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകും. നമുക്ക് മറ്റ് ഫെസിലിറ്റീസ് ഒരുപാടുണ്ട്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു നഗര സങ്കല്‍പം. പദ്ധതിയുടെ ഭാഗമായി റോഡുകള്‍ ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കും. അംഗനവാടികള്‍, കളിക്കളങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, ലൈബ്രറി, മാര്‍ക്കറ്റ് തുടങ്ങിയ അനുബന്ധ സംവിധാനങ്ങള്‍ക്ക് രണ്ടോ മൂന്നോ മാസം കൂടി കൂടുതല്‍ വേണ്ടിവരും – അദ്ദേഹം വിശദമാക്കി.
Share news