KOYILANDY DIARY.COM

The Perfect News Portal

ചുരുളികൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ; കാ‍ഴ്ച നഷ്ടപ്പെട്ട ആനയെ മയക്കു വെടിവെച്ച് പിടികൂടി ചികിത്സ നൽകാൻ വനംവകുപ്പ്

നാശം വിതച്ച് ചുരുളികൊമ്പൻ കാട്ടാന വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിലാണ് ആന ഇറങ്ങിയത്. ചുരുളികൊമ്പൻ കഞ്ചിക്കോട്ടെ പയറ്റുകാട് പ്രദേശത്ത് നിരവധി നാശനഷ്ടങ്ങൾ ഉണ്ടാക്കി. കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ട ചുരുളിക്കൊമ്പനെ പിടികൂടി ചികിത്സ ഉടൻ ആരംഭിക്കും. കണ്ണിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ചുരുളിക്കൊമ്പനെന്ന പി ടി 5 കാട്ടാനയാണ് വീണ്ടും ജനവാസ മേഖലയിൽ എത്തിയത്.

പാലക്കാട് കഞ്ചിക്കോട്ടെ പയറ്റുകാട് മേഖലയിൽ എത്തിയ ചുരുളിക്കൊമ്പൻ തെങ്ങുൾപ്പെടയുള്ള വിളകൾ നശിപ്പിച്ചു. രാവിലെയോടെ ജനവാസ മേഖലയിൽ നിലയുറപ്പിച്ച ചുരുളിക്കൊമ്പനെ വനംവകുപ്പും ആർആർടി സംഘവും ചേർന്നാണ് കാടുകയറ്റിയത്. അതേസമയം കണ്ണിന് പരിക്കേറ്റ ചുരുളിക്കൊമ്പനെ പിടികൂടി ചികിത്സ ഉടൻ തന്നെ ആരംഭിക്കും. ആനയെ മയക്കു വെടിവെച്ച് പിടികൂടി ചികിത്സിക്കാനാണ് വനം വകുപ്പിൻ്റെ നീക്കം.

 

ആദ്യം മയക്കുവെടി വെച്ച ശേഷം കാട്ടിൽ വെച്ച് തന്നെ ചികിത്സിക്കും. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ആനയെ ചികിത്സിക്കുക. ചുരുളിക്കൊമ്പനെ പിടികൂടാൻ ഈ ആഴ്ച തന്നെ വയനാട്ടിൽ നിന്നുള്ള കുങ്കി ആനകൾ പാലക്കാട്ടെത്തും. നേരത്തെ വനംവകുപ്പിന്‍റെ നേതൃത്വത്തിൽ പഴത്തിൽ മരുന്നുകൾ വെച്ച് ചികിത്സയും ആരംഭിച്ചിരുന്നു. എന്നാൽ ചികിത്സ ഫലപ്രദമാകാത്തതിനാലാണ് ചുരുളിക്കൊമ്പനെ പിടികൂടുന്നത്.

Advertisements
Share news