പത്ത് വര്‍ഷത്തിനിടെ ഇതാദ്യമായി വിദേശമണ്ണിലെ ടെസ്റ്റ് ഇന്നിങ്സില്‍ അഞ്ഞൂറിലേറെ റണ്‍സ് വഴങ്ങി ഇന്ത്യ

പത്ത് വര്‍ഷത്തിനിടെ ഇതാദ്യമായി വിദേശമണ്ണിലെ ടെസ്റ്റ് ഇന്നിങ്സില്‍ അഞ്ഞൂറിലേറെ റണ്‍സ് വഴങ്ങി ഇന്ത്യ. മാഞ്ചസ്റ്ററില്‍ മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ആദ്യ ഇന്നിങ്സില്‍ 544 റണ്‍സ് എടുത്തതോടെയാണിത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ഇപ്പോഴും ക്രീസില്‍ തുടരുന്നതിനാല്‍ സ്കോര്‍ 600 കടന്നേക്കും.

2015 ജനുവരിയില്‍ സിഡ്നിയില്‍ നടന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലാണ് ഇതിന് മുമ്പ് ഇന്ത്യ വിദേശത്ത് അഞ്ഞൂറിലേറെ സ്‌കോര്‍ വഴങ്ങിയത്. ഡേവിഡ് വാര്‍ണറുടെയും നായകന്‍ സ്റ്റീവ് സ്മിത്തിന്റെയും സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 572/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു അന്ന്. ആ ഇന്നിങ്സില്‍ മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. അന്ന് മത്സരം സമനിലയില്‍ അവസാനിച്ചു. അതേസമയം, മാഞ്ചസ്റ്ററില്‍ ജോ റൂട്ടിന്റെ മാസ്മരിക ഇന്നിങ്സാണ് നിര്‍ണായകമായത്. അദ്ദേഹം 38-ാം ടെസ്റ്റ് സെഞ്ച്വറി നേടി. ഒല്ലി പോപ്പും (128 പന്തില്‍ നിന്ന് 71) തിളങ്ങി.

