KOYILANDY DIARY.COM

The Perfect News Portal

കാർഗിൽ വിജയത്തിന് ഇന്ന് 26 വയസ്; വീരമൃത്യു വരിച്ച 527 സൈനികരുടെ ഓർമയിൽ രാജ്യം

കാർഗിൽ പാകിസ്ഥാൻ സൈന്യത്തിനെതിരെ ഇന്ത്യ സൈന്യം നടത്തിയ സമാനതകളില്ലാത്ത പോരാട്ട വീര്യത്തിന് ഇന്നേക്ക് 26 വർഷം. പഹൽഗാം ആക്രമണത്തിലെ സുരക്ഷാവീഴ്ചയിൽ കേന്ദ്രസർക്കാർ കടുത്ത വിമർശനങ്ങൾ നേരിടുമ്പോഴാണ് ഇത്തവണ രാജ്യം കാർഗിൽ വിജയദിവസ് ആചരിക്കുന്നത്.

പാകിസ്ഥാൻ സൈന്യത്തിന് മേൽ ഇന്ത്യൻ സേന നടത്തിയ ആധികാരിക വിജയമായിരുന്നു കാർഗിൽ. 1999 മെയ് മൂന്നിന് ഒരാട്ടിടയൻ ബൈനോക്കുലറിലൂടെ കണ്ട ദൃശ്യങ്ങൾ മാസങ്ങൾ നീണ്ട സൈനിക നടപടിയിലേക്ക് വഴിവെക്കുന്നതായിരുന്നു. കാർഗിൽ ഉൾപ്പെട്ട ഇന്ത്യയുടെ തന്ത്രപ്രധാനമായ ഭൂപ്രദേശങ്ങൾ പിടിച്ചടക്കാനായിരുന്നു പാക് സൈനിക മേധാവി പർവേശ് മുഷറഫ് നുഴഞ്ഞുകയറ്റക്കാർക്ക് നൽകിയ നിർദേശം. തണുപ്പുകാലത്ത് നുഴഞ്ഞുകയറ്റമുണ്ടാകില്ലെന്ന മുൻ ധാരണയിൽ പെട്രോളിങ്ങിലും വീഴ്ചയുണ്ടായതോടെ കാർഗിൽ മലനിരകളിൽ ശത്രുക്കൾ താവളമുറപ്പിച്ചു.

 

 

രണ്ടുമാസം നീണ്ട ചെറുത്തുനിൽപ്പിനും പോരാട്ടത്തിനുമൊടുവിൽ ജൂലൈ 26ന് ഇന്ത്യൻ സൈന്യം കാർഗിൽ മലനിരയുടെ ഒത്ത നടുക്ക് വിജയക്കൊടി പാറിച്ചു. രാജ്യത്തിനുവേണ്ടി അന്ന് വീരമൃത്യു വരിച്ചത് 527 സൈനികർ. കാർഗിൽ വിജയദിവസത്തിന്റെ 26 ആം വർഷത്തിലും അതിർത്തി മേഖലകൾ ശാന്തമല്ലെന്ന് മാത്രമല്ല സുരക്ഷാ വീഴ്ചയുടെ പാഠങ്ങൾ ഉൾക്കൊള്ളാൻ ബി ജെ പി യുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനായിട്ടില്ല. പഹൽഗാമിൽ സുരക്ഷാ വീഴ്ചയിൽ നഷ്ടപ്പെട്ട 26 സാധാരണക്കാരുടെ ജീവന് മറുപടി പറയാൻ പ്രധാനമന്ത്രിയോ കേന്ദ്ര ആഭ്യന്തര മന്ത്രിയോ തയ്യാറല്ല.

Advertisements

 

ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടി രാജ്യത്തോട് വിശദീകരിച്ച കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ബിജെപി മന്ത്രിക്കെതിരെ ചെറുവിരലനക്കാൻ കേന്ദ്ര സർക്കാരിനാകാത്തത് ബിജെപിയുടെ കപട രാജ്യസ്നേഹം തുറന്നുകാട്ടി. രാജ്യത്തിന്റെ സൈനികർക്ക് നേരെയും ബിജെപി നേതാക്കൾ വർഗീയ വിദ്വേഷ പരാമർശങ്ങൾ നടത്തുമ്പോൾ മൗനം തുടരുന്ന കേന്ദ്രസർക്കാരിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരായ ചോദ്യമാണ് ഈ കാർഗിൽ ദിനത്തിലും കേന്ദ സർക്കാരിനെതിരെ ഉയരുന്നത്.

Share news