പലസ്തീനില്‍ കുട്ടികളെയടക്കം പട്ടിണിക്കിട്ട് കൊല്ലുന്ന ഇസ്രയേല്‍ വംശഹത്യക്കെതിരെ പ്രതിഷേധം ശക്തം

പലസ്തീനില്‍ കുഞ്ഞുകുട്ടികളെയടക്കം പട്ടിണിക്കിട്ട് കൊല്ലുന്ന ഇസ്രയേല്‍ വംശഹത്യക്കെതിരെ പ്രതിഷേധം ശക്തം. ഭക്ഷണം കിട്ടാതെ എല്ലും തോലുമായ പലസ്തീനി കുട്ടികളുടെ ചിത്രങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും പുറത്തുവരുന്നത്. ഇന്നലെ രണ്ടുപേര്‍ കൂടി പട്ടിണി മൂലം മരിച്ചതോടെ ആകെ പട്ടിണി മരണം 115 കടന്നു. 24 ലക്ഷത്തോളം ജനസംഖ്യയുള്ള ഗാസയില്‍ അഞ്ചുലക്ഷം ബാഗ് ധാന്യമെങ്കിലും എത്തിയാലെ വരാനിരിക്കുന്ന കൂട്ട പട്ടിണി മരണത്തെ ചെറുക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ഗാസയിലേക്കുള്ള സഹായ വസ്തുക്കള്‍ തടഞ്ഞുവെക്കുന്ന ഇസ്രയേലിന്റെ ക്രൂരത തുടരുകയാണ്. റഫ അതിര്‍ത്തിയില്‍ ദിവസങ്ങളോളമായി ഈ സഹായ വസ്തുക്കള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.

വിശപ്പുമൂലം കരയുന്ന കുഞ്ഞുകുട്ടികളുടെ കാഴ്ച ഭീതിജനകമാണെന്നാണ് ദൈര്‍ അല്‍ ബലാഹില്‍ നിന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. പട്ടിണി ഒരുപാട് കിടന്നിട്ടുണ്ടെങ്കിലും നിലവിലെ അവസ്ഥ വാക്കുകള്‍ക്ക് അതീതവും ഭീകരവുമാണെന്നാണ് പലസ്തീനികള്‍ പ്രതികരിക്കുന്നത്. 24 മണിക്കൂറിനിടയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 17 ഗസ്സക്കാര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം ആയി 59,219 ആയി.

അതേസമയം ആശുപത്രികള്‍ തകര്‍ക്കുന്നതും മരുന്നും ജീവന്‍രക്ഷാ ഉപകരണം നിഷേധിക്കുന്നതും ഭക്ഷണത്തിനായി കേഴുന്നവരെ പട്ടിണിക്കിട്ട് കൊല്ലുന്നതും മെഡിക്കല്‍ എത്തിക്‌സിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്ന് പറഞ്ഞ് ഇസ്രയേല്‍ ഡോക്ടര്‍മാരുടെ സംഘടനയായ ഇസ്രയേല്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.

