11-ാമത് മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച തുടക്കമാകും

മുക്കം ജല സാഹസികതയുടെ വിസ്മയക്കാഴ്ചകളുമായി 11-ാമത് മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച പുലിക്കയത്ത് തുടക്കമാകും. ഇനി മൂന്നുനാൾ മലയോരം ജലവിസ്മയ മാമാങ്കത്തിന്റെ ലഹരിയിലലിയും. ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പായ ‘ഗെയിം ഓഫ് ത്രോൺസ്’ ഞായറാഴ്ച വരെ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിയിലുമായാണ് നടത്തുക. വെള്ളിയാഴ്ച രാവിലെ 9.30ന് ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

വെള്ളി, ശനി ദിവസങ്ങളിൽ കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്ത് ചാലിപ്പുഴയിലും ഞായറാഴ്ച തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറയിലുമാണ് മത്സരങ്ങൾ. വിവിധ രാജ്യങ്ങളിൽനിന്നുള്ള 18 കയാക്കർമാർ തുഴയെറിയും. സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ത്രിതല പഞ്ചായത്തുകളും ചേർന്ന് ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ഇത്തവണ റാമ്പ് നിർമിച്ചത് എൻജിനിയർ നെല്ലിപ്പൊയിൽ വിളക്കുന്നേൽ ബെന്നിയും സംഘവുമാണ്.

