ഫിഡെ വനിതാ ചെസ് ലോകകപ്പ്; ചരിത്രത്തിലാദ്യമായി രണ്ട് ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ നേര്‍ക്കുനേര്‍

ഫിഡെ വനിതാ ചെസ് ലോകകപ്പില്‍ ചരിത്രത്തിലാദ്യമായി രണ്ട് ഇന്ത്യന്‍ വനിതകള്‍ നേര്‍ക്കുനേര്‍. ദിവ്യ ദേശ്മുഖിന് പിന്നാലെ കൊനേരു ഹംപിയും ഫൈനലിന് യോഗ്യത നേടിയതോടെ കിരീടം ഇന്ത്യയിലേക്കെന്ന് ഉറപ്പ്. ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് കൗമാരതാരം ദിവ്യ ദേശ്മുഖ്.

സെമിയില്‍ ചൈനയുടെ ലെയ് ടിങ്ജിയെ പരാജയപ്പെടുത്തിയാണ് ഹംപി ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ രണ്ട് റൗണ്ടുകളും സമനിലയില്‍ കലാശിച്ചതോടെ ടൈബ്രേക്കറിലാണ് ചൈനയുടെ ലി ടിങ്ജിയെ ഹംപി കീഴടക്കിയത്. ഹംപി ആദ്യമായാണ് ലോകകപ്പ് ഫൈനലില്‍ കളിക്കുന്നത്.

ദിവ്യ ചൈനയുടെ മുന്‍ ലോകചാമ്പ്യനെ കീഴ്‌പ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. 19 കാരിയായ ദിവ്യ ദേശ്മുഖ് ചൈനയുടെ ടാന്‍ സോംഗിയെയാണ് സെമിഫൈനല്‍ മത്സരത്തില്‍ തോൽപ്പിച്ച് ഫൈനലിൽ ഇടം നേടിയത്. മഹാരാഷ്‌ട്രയിലെ നാഗ് പൂര്‍ സ്വദേശിയാണ് ദിവ്യ ദേശ്മുഖ്. 2021ലാണ് ദിവ്യ ഗ്രാന്‍റ് മാസ്റ്റര്‍ പട്ടം സ്വന്തമാക്കിയത്. ജൂലൈ 26,27 തീയതികളിലായാണ് ഫൈനല്‍ നടക്കുന്നത്. സമനില വന്നാല്‍ 28ന് ടൈബ്രേക്കറിലൂടെ വിജയിയെ നിശ്ചയിക്കും.

