പെട്ടിക്കട തീവെച്ച് നശിപ്പിച്ചു. സി.പി.ഐ.(എം) ഓഫീസ് കത്തിക്കാനുള്ള ശ്രമമെന്ന് ആരോപണം

കൊയിലാണ്ടി: പുതിയ ബസ്റ്റാൻറിന് സമീപം സിപിഐഎം സെൻറർ ലോക്കൽകമ്മററി ഓഫീസിനോട് ചേർന്ന്കിടക്കുന്ന കോമത്തുകര സ്വദേശിയും സിപിഐഎം കോതമംഗലം സൗത്ത് ബ്രാഞ്ചംഗവുമായ സി എം വിജയന്റെ പെട്ടിക്കട കത്തി നശിച്ചു. ഞായറാഴ്ച രാത്രിഏതാണ്ട് പന്ത്രണ്ട് മണിയോടെയാണ് തീ കത്തുന്നത് ആളുകളുടെ
ശ്രദ്ധയിൽ പെട്ടത്. ഓടി കൂടിയ നാട്ടുകാർ ചേർന്ന് തീയണച്ചതിനാൽ തീ മറ്റു കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയാൻ കഴിഞ്ഞു.
പെട്ടിക്കട പൂർണ്ണമായി കത്തി നശിച്ചു. ഏതാണ്ട് അൻപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നാൽപത് കൊല്ലത്തോളമായി കൊയിലാണ്ടിയിൽ പെട്ടിക്കട കച്ചവടക്കാരനായ വിജയൻ കഴിഞ്ഞ ആറുവർഷമായി കച്ചവടം ചെയ്യുന്ന പീടികയ്ക്കാണ് തീപിടിച്ചത്. തീ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് ലോക്കൽ കമ്മറ്റി ഓഫീസടക്കമുള്ള ഒട്ടേറെ കെട്ടിടങ്ങൾ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത്. സിപിഐഎം ഓഫീസ് ലക്ഷ്യം വച്ച് കട കത്തിച്ചതാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. കീഴരിയൂരിൽ ശനിയാഴ്ച ഉണ്ടായ സി. പി. ഐ. എം. ബി. ജെ. പി. സംഘർഷത്തിന്റെ ഭാഗമായി ചില അസ്വാരസ്യങ്ങൾ കൊയിലാണ്ടിയിലാകെ ഉണ്ടായിരുന്നു.
സംഭവമറിഞ്ഞ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി വിശ്വൻ, നഗരസഭാ ചെയർമാൻ അഡ്വ കെ സത്യൻ, ഏരിയാകമ്മറ്റിയംഗവും ഉന്തുവണ്ടി പെട്ടിക്കട വഴിയോര തൊഴിലാളിയൂനിയൻ താലുക്ക് പ്രസിഡണ്ടുമായ ടി.കെ. ചന്ദ്രൻ, ഏരിയാകമ്മറ്റിയംഗങ്ങളായ യു.കെ. ഡി. അടിയോടി, കെ ഷിജു, ലോക്കൽകമ്മറ്റി സെക്രട്ടറിമാരായ പികെ ഭരതൻ, ടിവി ദാമോദരൻ എന്നിവർ സ്ഥലത്തെത്തി. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്തു.

