KOYILANDY DIARY.COM

The Perfect News Portal

എം.ഡി.എം.എ യുമായി യുവാവിനെ കുന്ദമംഗലം പോലീസ് പിടികൂടി

കോഴിക്കോട്: വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക മയക്കുമരുന്നായ 1.7 ഗ്രാം MDMA യുമായി യുവാവിനെ പോലീസ് പിടികൂടി. കൊടുവള്ളി ആറങ്ങോട് സ്വദേശിയായ പടിപ്പുരക്കൽ വീട്ടിൽ ആദർശ് (24) നെയാണ്  കുന്ദമംഗലം പോലീസ് പിടികൂടിയത്. മടവൂർമുക്കിൽ കഴിഞ്ഞ 8 മാസത്തോളമായി കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിക്കുന്ന പ്രതി നിരോധിത മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കുന്ദമംഗലം പോലീസ് പ്രതിയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു. 
ഇതിന്റെ അടിസ്ഥാനത്തിൽ കുന്ദമംഗലം പോലീസ് വീട് റെയ്ഡ് ചെയ്യുകയും, പ്രതിയുടെ ബെഡ് റൂമിലെ ഷെൽഫിൽ ഉള്ള മരപ്പെട്ടി തുറന്ന് പരിശോധിച്ചതിൽ എട്ട് സിപ് ലോക്ക് കവറുകളും, ചെറിയ ഒരു ഗ്ലാസ് ട്യൂബും,  മറ്റൊരു സിപ് ലോക്ക് കവറിൽ നിന്ന് 1.7 ഗ്രാം  MDMA കണ്ടെടുക്കുകയായിരുന്നു.
ബംഗളൂരുവിൽ നിന്നും നേരിട്ടും, കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്ക്  ലഹരി എത്തിച്ചു കൊടുക്കുന്ന ലഹരി മാഫിയ സംഘങ്ങളിൽ നിന്നും MDMA മൊത്തമായി വാങ്ങിച്ച് കുന്നമംഗലം, മടവൂർ, നരിക്കുനി എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കും മറ്റും ചില്ലറ വില്പന നടത്തുകയും, കൂടാതെ പെയ്ന്റെിംഗ് ജോലിയ്ക്ക് പോകുന്ന പ്രതി ഈ ജോലിയുടെ മറവിലും MDMA വിൽപ്പന നടത്തുകയായിരുന്നു.
മയക്കുമരുന്ന് വിൽപനയിലൂടെ അനധികൃതമായി സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആർഭാടജീവിതം നയിച്ചുവരികയായിരുന്നു പ്രതി. പ്രതി MDMA എവിടെ നിന്നെല്ലാമാണ് വാങ്ങിയ്ക്കുന്നതെന്നും, ആർക്കൊക്കെ വിതരണം ചെയ്യുന്നുണ്ടെന്നും പരിശോധിച്ച് അന്വേക്ഷണം ഊർജിതമാക്കുമെന്ന് പോലീസ് പറഞ്ഞു. കുന്ദമംഗലം പോലീസ് സ്റ്റേഷൻ എസ്.ഐ നിധിൻ, SCPO മാരായ വിപിൻ, വിജേഷ് പുല്ലാളൂർ, മുഹമ്മദ് ഷമീർ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.
Share news