ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ

കോഴിക്കോട്: ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ. ചേളന്നൂർ സ്വദേശി കനോലി വീട്ടിൽ രാഹൂൽ കനോലി (37) ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. 2012 മെയ് മാസം മാവൂർ റോഡിലെ മർക്കസ് കോംപ്ലക്സിലെ സെൽ സിറ്റി എന്ന കടയിൽ സിനിമാ ഗാനനിർമാതാവിന്റെ അറിവോ സമ്മതമോ കൂടാതെ കോപ്പിറൈറ്റ് ആക്ടിന് വിരുദ്ദമായി പ്രതി സിനിമാ ഗാനങ്ങൾ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത് കൊടുത്ത കേസിൽ അറസ്റ്റിലാകുകയായിരുന്നു.

തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ വിദേശത്തേയ്ക്ക് കടന്നുകളയുകയായിരുന്നു. വിദേശത്തുള്ള പ്രതിക്കെതിരെ നടക്കാവ് പോലീസ് ലുക്കൌട്ട് സർക്കുലർ പുറപ്പെടുവിപ്പിച്ചത് പ്രകാരം കരിപ്പൂർ എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വെയ്ക്കുകയും, നടക്കാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷിന്റെ നിർദേശപ്രകാരം SI സുജീഷ്, SCPO സന്ദീപ്, CPO അർജുൻ എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
