കുളങ്ങര ഭഗവതി ക്ഷേത്രോത്സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി

പേരാമ്പ്ര > പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള വാളെഴുന്നള്ളത്തിന് മുന്നിലുണ്ടായിരുന്ന ആന ഇടഞ്ഞത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ചേനോളി കണ്ണമ്പത്ത് പീടികക്കണ്ടിയില്‍ നിന്നുള്ള വാളെഴുന്നള്ളത്ത് പേരാമ്പ്ര ടൗണിലൂടെ കടന്ന് ക്ഷേത്രത്തിന്റെ കിഴക്കെനടയ്ക്ക് മുന്നിലെത്തിയപ്പോഴാണ് ആന ക്ഷേത്രനടയിലേക്ക് പ്രവേശിക്കാതെ സംസ്ഥാന പാതയിലൂടെ തെക്കോട്ട് ഓടിയത്. ആനപ്പുറത്തുള്ള മൂന്നു പേരെയും കൊണ്ടാണ് ആന ഓടിയത്. ഇതോടെ പേരാമ്പ്ര ടൗണിലുണ്ടായിരുന്നവരും എഴുന്നള്ളത്തില്‍ പങ്കെടുത്തവരും നാലുപാടും ചിതറി ഓടി.
രാത്രി ഏഴോടെയാണ് സംഭവം. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വാഹനങ്ങള്‍ പേരാമ്പ്ര ടൗണിലും കോഴിക്കോട് ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ കൈതക്കലിലും നിര്‍ത്തിയിട്ടതോടെ സംസ്ഥാനപാതയില്‍ രണ്ടു മണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു. ഈ വഴി നടന്നു പോകുന്നവരെ യത്തീംഖാനക്ക് മുന്‍വശം വടം കെട്ടി തടയുകയായിരുന്നു. പഴയ പെട്രോള്‍ പമ്പിനടുത്ത പറമ്പിലെത്തിയതോടെ ആനയുടെ പുറത്തുണ്ടായിരുന്നവര്‍ ഒരുവിധത്തില്‍ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. വെള്ളം ചീറ്റിച്ച് ആനയെ തളയ്ക്കാന്‍ ഫയര്‍ഫോഴ്സ് ശ്രമം നടത്തിയിരുന്നു. രാത്രി ഒമ്പതരയോടെ കൈതക്കല്‍ ഭാഗത്ത് എത്തിയ ആന പുറ്റാട് സ്ക്കൂള്‍ റോഡിലൂടെ ഓടിയത് പരിഭ്രാന്തി പരത്തി. തുടര്‍ന്ന് ആന കൈതക്കല്‍ ബസ് സ്റ്റോപ്പ് പരിസരത്ത് നിലയുറപ്പിച്ചു.

വൈകുന്നേരം നടക്കുന്ന എഴുന്നള്ളത്തിന് ആനയെ ഞായറാഴ്ച രാവിലെത്തന്നെ എത്തിച്ചിരുന്നു. കൊടും വേനലില്‍ പകല്‍ മുഴുവന്‍ കഴിച്ചുകൂട്ടിയ ആനക്ക് വേണ്ടത്ര ഭക്ഷണം നല്‍കിയില്ലെന്ന് പറയുന്നു. ഇതായിരിക്കാം ആന ഇടയാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇടച്ചങ്ങല (കൂച്ചുവിലങ്ങ്) ഇട്ടിരുന്നതിനാലാണ് വേഗത്തില്‍ ആനക്ക് ഓടാന്‍ കഴിയാതിരുന്നത്. പേരാമ്പ്ര പൊലീസിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് തിങ്കളാഴ്ച നടക്കുന്ന പ്രധാന എഴുന്നള്ളത്തിന് ആനയെ ഒഴിവാക്കിയതായി ക്ഷേത്രകമ്മിറ്റിക്കാര്‍ അറിയിച്ചു.

