മോഹൻലാൽ കഥയെഴുതിയ ചിത്രം പതിനാറ് വർഷങ്ങൾക്ക് ശേഷം തിയറ്ററിലേക്ക്

മോഹന്‍ലാല്‍ കഥയെഴുതിയ ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തുന്നു. അതും 16 വർഷങ്ങൾക്ക് ശേഷം, നാല് പതിറ്റാണ്ടുകളിലേറെയായി മലയാള സിനിമാലോകത്ത് അഭിനയ വിസ്മയം തീർക്കുന്ന താരം മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്. ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായകന്റെ കുപ്പായം അണിഞ്ഞ മോഹൻലാലിന്റെ കഥയിൽ ഒരുങ്ങിയ ചിത്രമുണ്ട്.
കെ എ ദേവരാജന്‍ സംവിധാനം ചെയ്ത സ്വപ്നമാളികയാണ് ചിത്രം. മോഹൻലാൽ എഴുതിയ തര്‍പ്പണം എന്ന നോവലിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് സിനിമ. കരിമ്പില്‍ ഫിലിംസ് നിർമിച്ച ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹന്‍ലാല്‍ തന്നെയാണ്. 2008ൽ തിയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിച്ച സിനിമയുടെ ചിത്രീകരണം പൂർത്തിയായതാണ്.

എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുകയായിരുന്നു. തിലകന്, ഇന്നസെന്റ്, സുകുമാരി, ഊര്‍മിള ഉണ്ണി, കോട്ടയം നസീര്‍, സാജു കൊടിയന്‍, കുളപ്പുള്ളി ലീല, ശിവാനി, വിദ്യ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്ന ചിത്രത്തിൽ ഡോ. അപ്പു നായര്‍ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത് ജയ് കിഷനാണ്. യേശുദാസ്, ജി വേണുഗോപാല്‍, ചിത്ര തുടങ്ങിയവരാണ് സിനിമയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

