മലബാർ റിവർ ഫെസ്റ്റിവലിന് മുന്നോടിയായി തിരുവമ്പാടി ഫാം ടൂറിസം സർക്യൂട്ടിലേക്ക് യാത്ര സംഘടിപ്പിച്ചു

മുക്കം: മലബാർ റിവർ ഫെസ്റ്റിവലിന് മുന്നോടിയായി തിരുവമ്പാടി ഫാം ടൂറിസം സർക്യൂട്ടിലേക്ക് യാത്ര സംഘടിപ്പിച്ചു. വിവിധ കൃഷികളെയും കൃഷിരീതികളെയും അടുത്തറിഞ്ഞ ഫാം ടൂർ സഞ്ചാരികൾക്ക് വേറിട്ട അനുഭവമായി. തിരുവമ്പാടി പഞ്ചായത്തും കലാ- സാംസ്കാരിക സമിതിയും ഇരവഞ്ഞിവാലി ടൂറിസം ഫാർമർ ഇന്ററസ്റ്റ് ഗ്രൂപ്പും ചേർന്നാണ് ഫാം ടൂർ സംഘടിപ്പിച്ചത്.

പെരുമാലിപ്പടിയിൽ പ്ലാത്തോട്ടത്തിൽ ജയ്സന്റെ ലെയ്ക് വ്യൂ ഫാം സ്റ്റേയിൽ നിന്നാരംഭിച്ച യാത്ര പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഫ്ലാഗ് ഓഫ് ചെയ്തു. മുട്ടത്തുകുന്നേൽ ബോണിയുടെ ഗ്രെയ്സ് ഗാർഡൻ, മൂന്ന് തവണ സംസ്ഥാന അവാർഡ് നേടിയ കൈതക്കുളം സെലിൻ വിൽസന്റെ മലബാർ എഗ്ഗർ ഫാം, പുരയിടത്തിൽ ജോസിന്റെ ആടുവളർത്തൽ ഫാം, കർഷകശ്രീ ജേതാവായ സാബു തറക്കുന്നേലിന്റെ തറക്കുന്നേൽ ഗാർഡൻസ്, കർഷകോത്തമ ജേതാവ് ഡൊമിനിക് മണ്ണുക്കുശുമ്പിലിന്റെ സമ്മിശ്ര കൃഷിയിടമായ കാർമൽ അഗ്രോ ഫാം, ദേവസ്യ മുളക്കലിന്റെ ഗ്രീൻ ഫാം വില്ലാസ് എന്നിവിടങ്ങളിലൂടെയായിരുന്നു യാത്ര.

പഞ്ചായത്ത് അംഗങ്ങളായ ലിസി മാളിയേക്കൽ, അപ്പു കോട്ടയിൽ, ലിസി സണ്ണി, ഷൈനി ബെന്നി, ഫെഡറൽ ബാങ്ക് മാനേജർ രഞ്ജിത്ത്, കാവാലം ജോർജ്, അജു എമ്മാനുവൽ എന്നിവരുടെ നേതൃത്ത്വത്തിലായിരുന്നു യാത്ര.

