ബിരിയാണി, പായസ ചലഞ്ചിൻ്റെ ഫണ്ട് എവിടെ?. യൂത്ത് കോൺഗ്രസ് ഫണ്ട് പിരിവിലെ തിരിമറിയിൽ വ്യാപക പരാതി

വയനാട് പുനരധിവാസത്തിനായി നടത്തിയ യൂത്ത് കോൺഗ്രസ് ഫണ്ട് പിരിവിൽ വ്യാപക തിരിമറിയെന്ന് പരാതി. ബിരിയാണി ചലഞ്ചിന്റെയും
പായസ ചലഞ്ചിന്റെയും പണമെവിടെയെന്നാണ് ചോദ്യങ്ങൾ ഉയരുന്നത്. സംഭവത്തിൽ നിയോജകമണ്ഡലം കമ്മിറ്റികളാണ് പരാതി നല്‍കിയിരിക്കുന്നത്. 1200 ബിരിയാണികള്‍ ആണ് കാട്ടാക്കട മണ്ഡലം കമ്മിറ്റി വിറ്റത്. ഒരു ബിരിയാണിക്ക് വാങ്ങിയത് 120 രൂപയാണ്. എന്നാൽ പിരിഞ്ഞുകിട്ടിയ തുക കൈമാറിയില്ല. സംഭവത്തിൽ സണ്ണിജോസഫിനും രാഹുല്‍ മാങ്കുട്ടത്തിലിനുമാണ് പരാതി നല്‍കിയത്. പണം തട്ടിയ നിയോജക മണ്ഡലം പ്രസിഡന്റിനെ പുറത്താക്കണമെന്നും പരാതിയില്‍ പറയുന്നു. നേതാക്കള്‍ ഒപ്പിട്ട പരാതിയാണ് കൈമാറിയത്. ഭൂരിപക്ഷം നിയോജക മണ്ഡലം കമ്മറ്റികൾക്കും സമാനമായ പരാതിയുണ്ട്.

ഇന്നലെ പിരിവിലെ തിരിമറിയിൽ 11 നിയോജക മണ്ഡലം പ്രസിഡണ്ട് മാർക്കെതിരെ നടപടിയെടുത്ത് തലയൂരാൻ സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം നടന്നിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ ഫണ്ട് പിരിവിന്റെ കണക്ക് ചോദിച്ചവർക്കെതിരെയാണ് നടപടിയെന്ന് മറുവിഭാഗം നേതാക്കളും ആരോപിക്കുന്നു

വയനാട് ദുരിതബാധിതർക്ക് വീട് നിർമ്മിച്ചു നൽകാൻ പിരിച്ചെടുത്ത പണം തിരിമറി നടത്തിയ 11 നിയോജകമണ്ഡലം പ്രസിഡന്റുമാരെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം സസ്പെൻഡ് ചെയ്തത്. പെരിന്തൽമണ്ണ, മങ്കട, തിരൂരങ്ങാടി, തിരൂർ, താനൂർ, ചേലക്കര, ചെങ്ങന്നൂർ, കഴക്കൂട്ടം കാട്ടാക്കട, കോവളം, വട്ടിയൂർക്കാവ് എന്നീ നിയോജകമണ്ഡലങ്ങളിലെ പ്രസിഡന്റുമാരെയാണ് സസ്പെൻഡ് ചെയ്തത്. ബിരിയാണി ചലഞ്ച് നടത്തിയും പായസ ചലഞ്ച് നടത്തിയും നേരിട്ട് പണപ്പിരിവ് നടത്തിയും ലഭിച്ച തുക സംസ്ഥാന നേതൃത്വത്തിന് കൈമാറിയില്ല എന്നതാണ് ഈ കമ്മറ്റികൾക്ക് നേരെയുള്ള കുറ്റം. എന്നാൽ സംസ്ഥാന പഠന ക്യാമ്പിൽ വയനാട് ദുരിതബാധിതർക്കായി പിരിച്ചെടുത്ത തുകയെ സംബന്ധിച്ച് ചോദ്യം ചെയ്ത കമ്മറ്റികൾക്കെതിരെയാണ് നടപടിയെടുത്തതെന്നാണ് മറുവിഭാഗം നേതാക്കൾ ആരോപിക്കുന്നത്.

സംസ്ഥാന നേതൃത്വം പലസ്ഥലങ്ങളിൽ നിന്നും നേരിട്ട് പിരിവ് നടത്തി. വിദേശത്തുനിന്നും വ്യാപകമായി ഫണ്ട് പിരിച്ചെടുത്തു. വൻകിട സ്ഥാപനങ്ങളിൽ നിന്ന് നേരിട്ട് സംസ്ഥാന നേതൃത്വം പണം സമാഹരിച്ചു. ഈ തുക എവിടെപ്പോയെന്നായിരുന്നു സംസ്ഥാന ക്യാമ്പിൽ ഉയർന്ന ചോദ്യം. എന്നാൽയൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടിൽ വന്ന 88 ലക്ഷം രൂപ മാത്രമാണ് പിരിഞ്ഞു കിട്ടിയതെന്നാണ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്. ഇത് വിശ്വാസയോഗ്യമല്ലെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. ഫണ്ട് പിരിവിലെ തിരിമറി വിവാദമായതിന്റെ പശ്ചാത്തലത്തിൽ ചുരുക്കം ചില നിയോജകമണ്ഡലം പ്രസിഡണ്ട് മാർക്കെതിരെ നടപടിയെടുത്ത് തലയൂരാനാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതെന്നും മറവുഭാഗം നേതാക്കൾ ആരംഭിക്കുന്നു. അതേസമയം നിയോജകമണ്ഡലം കമ്മിറ്റികളിൽ നിന്ന് പരാതികൾ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിനും കെപിസിസി നേതൃത്വത്തിനും ലഭിച്ചതായാണ് വിവരം

