KOYILANDY DIARY.COM

The Perfect News Portal

സുരേഷ് ഗോപി ധരിച്ച മാലയില്‍ പുലിപ്പല്ലുണ്ടെന്ന പരാതിയില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു

കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി ധരിച്ച മാലയില്‍ പുലിപ്പല്ലുണ്ടെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച് വനംവകുപ്പ്. പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവ് എ എ മുഹമ്മദ് ഹാഷിമിന്റെ മൊഴി രേഖപ്പെടുത്തും. 21ന് പട്ടിക്കാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ മുന്നിൽ ഹാജരാകാൻ നോട്ടീസ് അയച്ചു.

പരാതിയിൽ സാധ്യമാകുന്ന തെളിവുകൾ സമർപ്പിക്കാനും തെളിവുകൾ കൈവശമുണ്ടെങ്കിൽ അവ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. റാപ്പര്‍ വേടന്‍ (ഹിരണ്‍ദാസ്) പുലിപ്പല്ല് കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിഷയവും ഉയര്‍ന്നുവന്നത്. പുലിപ്പല്ല് മാല ധരിച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങള്‍ സഹിതം സംസ്ഥാന പോലീസ് മേധാവിക്കാണ് ഹാഷിം പരാതി നല്‍കിയിരുന്നത്. ഈ പരാതി പിന്നീട് വനംവകുപ്പിന് കൈമാറുകയായിരുന്നു.

പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും നിയമം സംരക്ഷിക്കാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സുരേഷ് ഗോപിയുടെ നിയമലംഘനം ഭരണഘടനാലംഘനവും ഗുരുതരമായ കൃത്യവിലോപവുമാണെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. വനം-വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ രണ്ടാംഭാഗത്തിലാണ് പുലി ഉള്‍പ്പെട്ടിട്ടുള്ളത്. പാരമ്പര്യമായി കൈമാറി ലഭിച്ചതാണെങ്കിലും പുലിപ്പല്ല് സൂക്ഷിക്കാന്‍ പാടില്ല.

Advertisements
Share news