KOYILANDY DIARY.COM

The Perfect News Portal

എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടം: സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കമ്പനി

തിരുവനന്തപുരം: സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിയായ എം എസ് സി. 9,531 കോടി രൂപ കെട്ടിവെയ്ക്കാനാവില്ലെന്ന് കമ്പനി ഹൈക്കോടതിയെ അറിയിച്ചു. കെട്ടിവെയ്ക്കാനാകുന്ന തുക എത്രയെന്ന് അറിയിക്കാന്‍ കപ്പല്‍ കമ്പനിക്ക് കോടതി നിര്‍ദേശം നല്‍കി. പ്ലാസ്റ്റിക് മാലിന്യം തീരത്തടിഞ്ഞത് മാത്രമാണ് പരിസ്ഥിതി പ്രശ്‌നമെന്നാണ് കമ്പനിയുടെ വാദം. ഇടക്കാല ഉത്തരവ് പരിഷ്‌ക്കരിക്കുന്നത് ഓഗസ്റ്റ് ഏഴിന് പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. കപ്പല്‍ അറസ്റ്റ് ചെയ്യാനുളള ഉത്തരവ് ഒഴിവാക്കാന്‍ എന്തുചെയ്യാനാകുമെന്നും എത്ര തുക കെട്ടിവെയ്ക്കാനാകുമെന്നും ഹൈക്കോടതി കമ്പനിയോട് ചോദിച്ചു. രണ്ടാഴ്ച്ചയ്ക്കുളളില്‍ മറുപടി സത്യവാങ്മൂലം നല്‍കാമെന്ന് കമ്പനി കോടതിയോട് പറഞ്ഞു.

കൂടുതല്‍ കപ്പല്‍ കേരളാ തീരത്തെത്തുന്നത് കമ്പനി ഒഴിവാക്കേണ്ടി വരുമെന്നു പറഞ്ഞ ഹൈക്കോടതി, ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയല്ലല്ലോ എം എസ് സി എന്നും ചോദിച്ചു. കൂടുതല്‍ കപ്പലുകള്‍ അറസ്റ്റ് ചെയ്താല്‍ അത് സംസ്ഥാന താല്‍പ്പര്യത്തിന് എതിരാകുമെന്നും ഹൈക്കോടതി പറഞ്ഞു. സംസ്ഥാനത്തിന്റെ അഡ്മിറാലിറ്റി സ്യൂട്ടില്‍ ഓഗസ്റ്റ് ആദ്യവാരം ഹൈക്കോടതി അന്തിമവാദം കേള്‍ക്കും. 85,000 കോടി രൂപയ്ക്ക് കപ്പല്‍ ഇന്‍ഷുറന്‍സ് ചെയ്തിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

 

അതേസമയം, എം എസ് സി കപ്പല്‍ കമ്പനിയുടെ അകിറ്റെറ്റ-2 ന്റെ അറസ്റ്റ് ഹൈക്കോടതി നീട്ടി. അറസ്റ്റ് ഒഴിവാക്കണമെന്ന കപ്പല്‍ കമ്പനിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കമ്പനിയുടെ മറുപടി ലഭിച്ചശേഷം അറസ്റ്റ് ഒഴിവാക്കുന്നത് പരിഗണിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. സമുദ്രപരിസ്ഥിതിക്ക് മലിനീകരണം സംഭവിച്ചു, കപ്പല്‍ മുങ്ങി, അപകടമുണ്ടായി എന്നത് വസ്തുതയാണ്. പക്ഷെ അപകടത്തിന്റെ വ്യാപ്തി എത്രയെന്ന് കണക്കാക്കാനാകില്ല. പരിസ്ഥിതി മലിനീകരണം കൃത്യമായി കണക്കാക്കാനാകില്ല. വലിയ നഷ്ടമുണ്ടായെന്ന് പറയാന്‍ പ്രഥമദൃഷ്ട്യാ തെളിവുകളില്ല. എന്നാല്‍ അഡ്മിറാലിറ്റി സ്യൂട്ടില്‍ വാദം കേള്‍ക്കാമെന്നും കോടതി പറഞ്ഞു.

Advertisements
Share news