KOYILANDY DIARY.COM

The Perfect News Portal

പാചക വാതക സിലിണ്ടറിന് തീപിടിച്ച് നാശനഷ്ടം

വടകര: താഴെ അങ്ങാടിയിൽ പാചകത്തിനിടെ പാചക വാതക സിലിണ്ടറിന് തീപിടിച്ച് നാശനഷ്ടം. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊയിലാണ്ടി വളപ്പിലെ പക്രു ഹാജി വളപ്പിൽ പുതിയ പുരയിൽ ഉസ്മാന്റെ വീട്ടിൽ ബുധനാഴ്ച പകൽ 11 ഓടെയാണ് സംഭവം. ഉസ്മാന്റെ ഭാര്യ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ സിലിണ്ടറിൽനിന്ന്‌ തീ ആളിപ്പടരുകയായിരുന്നു. സംഭവസമയം ഇവർ രണ്ടുപേർ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

നിലവിളി കേട്ട് സമീപത്ത് ചൂണ്ടയിടുന്നവർ ഓടിയെത്തി തീ കെടുത്തി. അടുക്കള ഭാഗം പൂർണമായും കത്തിനശിച്ചു. തീ പടർന്ന് വയറിങ്ങും നശിച്ചു. ഫ്രിഡ്ജും തകരാറിലായി. മേശ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്‌. വീടിന്റെ ചുവരിൽ വിള്ളൽ വീണു. വടകര അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തീ പൂർണമായും അണച്ചത്.

 

 

Share news