കൊല്ലം നെല്ല്യാടി റോഡിലെ അപകടാവസ്ഥയിലായ കെട്ടിടം നഗരസഭ പൊളിച്ചു മാറ്റുന്നു

കൊയിലാണ്ടി: കൊല്ലം ടൌണിൽ നെല്ല്യാടി റോഡിലെ അപകടാവസ്ഥയിലായ കെട്ടിടം നഗരസഭ പൊളിച്ചു മാറ്റുന്നു. കൊല്ലം റെയിൽവേ ഗേറ്റിനടുത്ത് മത്സ്യ മാർക്കറ്റിനു സമീപമുള്ള പഴകിയ ഇരുനില കെട്ടിടമാണ് പൊളിച്ചു മാറ്റുന്നത്. ഇന്ന് കാലത്ത് അഗ്നി രക്ഷാ സേനയും നഗരസഭ ആരോഗ്യ വിഭാഗവും പരിശോധന നടത്തിയിരുന്നു. 100 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം ജീർണ്ണിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. അപകട ഭീഷണി കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇവിടെ കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കാറില്ലായിരുന്നു. എന്നാൽ കെട്ടിടം തകർന്നു വീണാൽ വലിയ ദുരന്തം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നഗരസഭയുടെ ഇടപെടൽ ഉണ്ടായത്.
നിലവിൽ കെട്ടിടത്തിൽ പല ഭാഗങ്ങളിലായി വിള്ളൽ വന്ന അവസ്ഥയിലായിരുന്നു. കൊല്ലം റെയിൽവെ ഗേറ്റ് അടച്ചുകഴിഞ്ഞാൽ ഇവിടെ വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്. കാൽനട യാത്രക്കാരും വാഹനങ്ങളും തിങ്ങിനിന്ന് വലിയ ഗതാഗതക്കുരുക്കും ഇവിടെ ഉണ്ടാകാറുണ്ട്. ടാർ റോഡിനോട് ചേർന്ന് നിൽക്കുന്ന സ്ഥലമായതിനാൽ കെട്ടിടം തകർന്ന് കഴിഞ്ഞാൽ വലിയ ദുരന്തത്തിലേക്കായിരിക്കും പോകുക. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കെട്ടിടത്തിൻ്റെ ഒരു ഭാഗം ചരിഞ്ഞ നിലയിലായിരുന്നു. തുടർർന്നാണ് ഇന്ന് അഗ്നിരക്ഷാ സേനയും നഗരസഭാ ആരോഗ്യ വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി കെട്ടിടം അടിയന്തരമായി പൊളിക്കാൻ തീരുമാനമെടുത്തത്. കൊല്ലം മാണിക്കം വീട്ടിൽ തറവാട്ടുകാരരുടെ ഉടമസ്ഥതയിലുള്ളതാണെ കെട്ടിടം.

