ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം; രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 72 പേര്‍

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. രണ്ടാഴ്ചയ്ക്കിടെ ഹിമാചല്‍ പ്രദേശില്‍ മരിച്ചത് 72 പേര്‍. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ 9 വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കനത്ത നാശം വിതച്ചാണ് ഹിമാചല്‍ പ്രദേശില്‍ മഴ തുടരുന്നത്. രണ്ടാഴ്ചയ്ക്കിടെ മഴക്കെടുതിയില്‍ 72 പേർക്ക് ജീവന്‍ നഷ്ടമായി. മാണ്ഡിയിലടക്കമുണ്ടായ മിന്നല്‍ പ്രളയത്തില്‍ 37 പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. കനത്ത മഴയിലും പ്രളയത്തിലും സംസ്ഥാനത്ത് 700 കോടി രൂപയുടെ നാശനഷ്ടമുണ്ടായി.

ദുരന്തത്തില്‍ വിവിധ ഇടങ്ങളിലായി കാണാതായവര്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയിലെ 176 റോഡുകള്‍ ഉള്‍പ്പെടെ 260 ലധികം റോഡുകള്‍ അടച്ചിട്ടു. കാംഗ്ര, സിര്‍മൗര്‍, മാണ്ഡി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ ശക്തമായതോടെ ജമ്മു കശ്മീരിലെ ദര്‍ഹാളി ദര്‍ക്കോത്ത് എന്നീ നദികളില്‍ ജല നിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. മഹാരാഷ്ട്രയിലെ മഴവെള്ളപ്പാച്ചിലില്‍ നിരവധിയിടങ്ങള്‍ വെള്ളത്തിനടിയിലായി. ദില്ലിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങള്‍ കടപുഴകി വീണു. ശക്തമായ മഴ വിമാന സര്‍വീസുകളേയും സാരമായി ബാധിച്ചു. ദില്ലിയില്‍ നിന്നും ചണ്ഡീഗഡിലേക്കുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജൂലൈ 9 വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

