ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപന നടത്തിയ യുവാക്കൾ എക്‌സൈസ് പിടിയിൽ

കോട്ടയം: ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപന നടത്തിയ യുവാക്കൾ എക്‌സൈസ് പിടിയിൽ. എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ബി ആനന്ദരാജിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. തൊണ്ടബ്രാൽ ഭാഗത്ത് വെച്ച് എക്സൈസ് സംഘത്തെ കണ്ട് ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ച സഞ്ജയ് സാബു (19), കെ എസ് ആദിത്യൻ (19) എന്നിവരെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു.

എക്സൈസ് സംഘത്തെ കണ്ട് ഇവർ സഞ്ചരിച്ച പൾസർ ബൈക്ക് ചതുപ്പിലൂടെ ഓടിച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും ചെളിയിൽ ബൈക്ക് തെന്നി മറിഞ്ഞു. അവിടെ നിന്ന് വീണ്ടും ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ ഏറെ പണിപ്പെട്ട് പിൻതുടർന്ന് പിടികൂടു കയായിരുന്നു.

ഇവർ സഞ്ചരിച്ച കെഎൽ 36 എഫ് 5740 പൾസർ ബൈക്കും കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നും ആറ് പൊതികളിലായി 35 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതികൾ മുൻപും മയക്ക് മരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. പ്രിവന്റീവ് ഓഫീസർ നിഫി ജേക്കബ്, സിവിൽ എക്സൈസ് ഓഫീസർ വി വിനോദ് കുമാർ, എക്സൈസ് ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

