സൂംബ ഡാൻസിനെതിരെ അപകീർത്തി പ്രചരണം നടത്തിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാലക്കാട്: സ്കൂളുകളിൽ സർക്കാർ നിർദേശിച്ച സൂംബ ഡാൻസിനെതിരെ അപകീർത്തികരമായ പ്രചരണം നടത്തിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു. എടത്തനാട്ടുകര ടിഎഎം യുപി സ്കൂൾ അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ടി കെ അഷ്റഫിനെതിരെയാണ് നടപടി. സര്‍ക്കാരിനെയും പൊതു വിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള പരാമര്‍ശം അഷ്റഫ് സോഷ്യൽ മീഡിയയിലൂടെ നടത്തിയെന്നും ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സ്കൂൾ മാനേജർക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി എം സലീന ബീവി കത്ത് നൽകിയിരുന്നു. ഇതേത്തുടർന്നാണ് സ്കൂൾ മാനേജർ പി അബൂബക്കർ നടപടിയെടുത്തത്.

ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ് സ്കൂളുകളില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സൂംബ ഡാന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാർത്ഥികളിൽ മാനസികോല്ലാസവും ആരോഗ്യവും ഉണ്ടാക്കുക എന്നതാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്. എന്നാൽ പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ അഷ്റഫ് നിരന്തരം അപകീർത്തി പ്രചരണം നടത്തി. ആൺകുട്ടികളും പെൺകുട്ടികളും കൂടിക്കലർന്ന് അൽപ്പവസ്ത്രം ധരിച്ച് തുള്ളുന്നതാണ് സൂംബ ഡാൻസെന്നാണ് അഷ്റഫ് പ്രചരിപ്പിച്ചത്.

