KOYILANDY DIARY.COM

The Perfect News Portal

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് അപകടം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് അപകടം. ഉപയോഗിക്കാതിരുന്ന വാർഡിനോട് ചേർന്നുള്ള കുളിമുറിയുടെ പിൻവശമാണ് തകർന്നത്. അപകടത്തിൽ‌ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണു റിപ്പോർട്ടുകൾ.

ആരോ​ഗ്യമന്ത്രി വീണാ ജോർജും മന്ത്രി വി എൻ വാസവനും സ്ഥലത്തെത്തി. കെട്ടിടം അടച്ചിട്ടിരുന്നതാണെന്നും പുതിയ കെട്ടിടം നിർമാണം പൂർത്തിയാക്കിയിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചതാണ്. മറ്റുവിവരങ്ങൾ പരിശോധിച്ചിട്ട് പറയാമെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.

രാവിലെ 11 മണിയോടെയാണ് സംഭവം. കാലപ്പഴക്കമുള്ള കെട്ടിടം നിലവിൽ ഉപയോഗത്തിലില്ലാത്തതാണ് എന്നാണ് വിവരം. വലിയ ശബ്ദത്തോടെ ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഓർത്തോപീഡിക്സ് സർജറി വിഭാഗം നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നു. ശുചിമുറിയും ഈ കെട്ടിടത്തിലാണ്. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയും സ്ഥലത്തുണ്ട്. അഗ്നിരക്ഷാസേനയുടെയും ​ഗാന്ധിന​ഗർ പൊലീസിന്റെയും നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.

Advertisements
Share news