KOYILANDY DIARY.COM

The Perfect News Portal

തൃശൂര്‍ കൊടകരയില്‍ പഴയ കെട്ടിടം തകർന്നുണ്ടായ അപകടം; മൂന്ന് പേർ മരിച്ചു

തൃശൂര്‍ കൊടകരയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ രാഹുല്‍, അലീം, റൂബല്‍ എന്നീ മൂന്ന് പേരും മരിച്ചു. ഇവർ പശ്ചിമബംഗാള്‍ സ്വദേശികളാണ്. മൂന്ന് പേരെയും പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. ശക്തമായ മഴയിലാണ് കെട്ടിടം തകര്‍ന്നു വീണത്. അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന ഇരുനില കെട്ടിടമായിരുന്നു ഇത്.

17 ഓളം പേരാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. രാവിലെ ഏകദേശം ആറുമണിയോടെയാണ് കെട്ടിടം ഇടിഞ്ഞു വീണത്. വീട് തകര്‍ന്ന് വീണത്തോടെ മറ്റുള്ള 14 പേരും ഓടി രക്ഷപ്പെടുകയായിരുന്നു. രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിനിടയിലാണ് അപകടം സംഭവിച്ചത്.

 

അപകടത്തിന്റെ പശ്ചാത്തലത്തില്‍ നടപടിയുമായി ജില്ലാ ഭരണകൂടം. കൊടകരയില്‍ ഉണ്ടായ കെട്ടിട അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തും. കെട്ടിടത്തിന്റെ ബല പരിശോധന ഉള്‍പ്പടെ നടത്തും. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തെ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി കെ രാജന്‍ പ്രതികരിച്ചു. ഇതിനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements
Share news