KOYILANDY DIARY.COM

The Perfect News Portal

ബഹിരാകാശത്ത് ചരിത്ര നിമിഷം: സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

ആക്‌സിയം 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഘം ഉടന്‍ നിലയത്തിലേക്ക് പ്രവേശിക്കും. ഇന്ത്യക്കിത് അഭിമാനനിമിഷമാണ്. 41 വര്‍ഷത്തിന് ശേഷം ശുഭാന്‍ഷു ശുക്ല എന്ന ഇന്ത്യക്കാരന്‍ ബഹിരാകാശത്തെത്തും. ഇതാദ്യമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ഇന്ത്യക്കാരനായി മാറും ശുഭാന്‍ഷു. 14 ദിവസം ബഹിരാകാശനിലയത്തില്‍ തങ്ങി 60 പ്രധാന പരീക്ഷണങ്ങള്‍ സംഘം നടത്തും. ഗഗന്‍യാന്‍ ഉള്‍പ്പെടെ ഭാവിയിലെ ഇന്ത്യന്‍ ബഹിരാകാശ ദൗത്യങ്ങളില്‍ നിര്‍ണായക കുതിച്ചുചാട്ടത്തിന് വഴിവെയ്ക്കുന്നുവെന്നതാണ് ദൗത്യത്തിന്റെ പ്രാധാന്യം.

ആക്‌സിയം ഫോര്‍ മിഷന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിക്കുന്ന ശുഭാംശു ശുക്ലയും സംഘവും ആരോഗ്യം, കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളില്‍ 60 ഓളം ശാസ്ത്രീയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടും. ആക്‌സിയം ഫോര്‍ ദൗത്യം ഇസ്രോയ്ക്കും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിനും ഒരു നാഴികക്കല്ലാണ്.

 

ബഹിരാകാശ യാത്രയ്ക്കിടെ ശുഭാംശു ശുക്ല രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. രാജ്യത്തെ മുഴുവന്‍ പേരെയും അഭിസംബോധന ചെയത് നമസ്‌കാരം എന്നു പറഞ്ഞായിരുന്നു നാല് യാത്രികര്‍ക്കൊപ്പം ശുഭാംശുവിന്റെ വാക്കുകള്‍ തുടങ്ങിയത്. യാത്രയ്ക്കായി അതിയായി ആഗ്രഹിച്ചിരുന്നുവെന്നും അഭിമാന മുഹൂര്‍ത്തമെന്നും ശുഭാംശു പറഞ്ഞു.

Advertisements

 

പരീക്ഷണങ്ങള്‍, സുരക്ഷിതമായ തിരിച്ചുവരവ് എന്നിവയ്ക്ക് മതിയായ സമയം അനുവദിക്കുന്നതിനാണ് 14 ദിവസത്തെ ദൈര്‍ഘ്യം തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് ISS-ലേക്കുള്ള സ്വകാര്യ ബഹിരാകാശ ദൗത്യങ്ങളുടെ അനിവാര്യമായ ദൈര്‍ഘ്യമായി കണക്കാക്കപ്പെടുന്നു. 14 ദിവസം ബഹിരാകാശയാത്രികര്‍ക്ക് സൂക്ഷ്മ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ സഹായിക്കുകയും ആരോഗ്യപരമായ മാറ്റങ്ങള്‍ പഠിക്കാന്‍ മെഡിക്കല്‍ ടീമുകള്‍ക്ക് സമയം നല്‍കുകയും ചെയ്യുന്നു.

 

ശുഭാംശുവിന്റെ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചിരിക്കുന്നത്. 39 വയസുകാരനായ ശുഭാംശു 2006ല്‍ ആണ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. 2000 മണിക്കൂറിലധികം യുദ്ധവിമാനങ്ങള്‍ പറപ്പിച്ചുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. സുഖോയ് 30, മിഗ് 21, മിഗ് 29, ജാഗ്വര്‍, ഹോക്ക്, ഡോണിയര്‍, എഎന്‍ 32 തുടങ്ങിയ വ്യത്യസ്തങ്ങളായ വിമാനങ്ങള്‍ ഇക്കൂട്ടത്തില്‍പെടും.

 

14 ദിവസത്തെ ഈ ദൗത്യം ഇസ്രോയ്ക്കും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിനും ഒരു നാഴികക്കല്ലാണ്. കൂടുതല്‍ സങ്കീര്‍ണ്ണമായ ദൗത്യങ്ങള്‍ക്ക് തയ്യാറെടുക്കാനുളള ഇന്ധനമാണ് രാജ്യത്തിന് ആക്‌സിയം ഫോര്‍ മിഷന്‍.

Share news