KOYILANDY DIARY.COM

The Perfect News Portal

ആർ എസ് എസ് ഭാരതാംബ ചിത്രം; ഗവർണറെ എതിർപ്പ് അറിയിച്ച് മുഖ്യമന്ത്രി

ആർ എസ് എസ് ഭാരതാംബ ചിത്രം വിഷയത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ എതിർപ്പ് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ബിംബങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പരിപാടികളില്‍ ഇത്തരം ചിത്രങ്ങള്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കത്ത് അയച്ചിട്ടുണ്ട്.

ആര്‍ എസ് എസ് ഭാരതാംബ ചിത്രം സംസ്ഥാന സര്‍ക്കാര്‍ പരിപാടികളില്‍ അടക്കം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പും പ്രോട്ടോക്കോളും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചത്.

 

സംസ്ഥാന സര്‍ക്കാര്‍ പരിപാടികളില്‍ ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടെ ചിഹ്നങ്ങള്‍ ഉപയോഗിക്കരുത്. ഔദ്യോഗിക പരിപാടികളില്‍ ഇത് കര്‍ശനമാക്കണം. ഇതിന് വിരുദ്ധമായ സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. കൃഷി വകുപ്പ് രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയിലും തുടര്‍ന്ന് നടന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ് പരിപാടിയിലും ഗവര്‍ണര്‍ ആര്‍ എസ് എസ് ഭാരതാംബ ചിത്രം നിര്‍ബന്ധമാക്കിയിരുന്നു.

Advertisements

 

തുടര്‍ന്ന് കൃഷിവകുപ്പ് പരിപാടി റദ്ദാക്കുകയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വേദിയില്‍ തന്നെ പ്രതിഷേധം അറിയിച്ച് പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ രണ്ട് മന്ത്രിമാര്‍ ശക്തമായ വിയോജിപ്പ് അറിയിച്ചിട്ടും ആര്‍ എസ് എസ് ഭാരതാംബ ചിത്രം ഒഴിവാക്കി പരിപാടി നടത്താന്‍ തയ്യാറല്ല എന്ന നിലപാട് ഗവര്‍ണര്‍ സ്വീകരിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കൂടി വിഷയത്തില്‍ ഇടപെട്ടത്.

Share news