പൊട്ടിപ്പൊളിഞ്ഞ പെരുവട്ടൂർ നടേരിക്കടവ് റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണം

കൊയിലാണ്ടി: പെരുവട്ടൂർ – നടേരിക്കടവ് റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്രക്കാർ ദുരിതത്തിലായിട്ട് മാസങ്ങളായി. വാഹന യാത്ര മാത്രമല്ല കാൽനട യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയിലായിരിക്കുകയാണ്. നഗരസഭ സമഗ്ര കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ വലിക്കാൻ കുഴിയെടുത്തതോടെയാണ് നാടാകെ ദുരിതത്തിലായത്. മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് പണി പൂർത്തിയാക്കാത്തതിൽ നാട്ടുകാർക്ക് കടുത്ത പ്രതിഷേധമാണുള്ളത്.

കീറി മുറിച്ച റോഡ് പഴയതുപോലെ ആക്കാനുള്ള ഫണ്ട് ഉൾപ്പെടെയാണ് കുടിവെള്ള പദ്ധതിക്ക് 226 കോടി വകവെച്ചിട്ടുള്ളത്. എന്നാൽ ഫണ്ട് ഉണ്ടായിട്ടും കരാർ കമ്പനി പണി പൂർത്തിയാക്കുന്നതിൽ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. മഴയ്ക്ക് മുമ്പേ പ്രവർത്തി ആരംഭിച്ചിട്ടുണ്ടെങ്കിൽ ഇത്ര പ്രയാസം നേരിടേണ്ടി വരില്ലായിരുന്നു. അടിയന്തരമായി കുഴികളിൽ ക്വോറി വേസ്റ്റ് ഉപയോഗിച്ചെങ്കിലും റോഡിൻ്റെ ശോചനീയാവസ്ഥയിക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാർ പറയുന്നത്.

