KOYILANDY DIARY.COM

The Perfect News Portal

ഇറാനിലും തജിക്കിസ്ഥാനിലും ഭൂചലനം; 5.1 തീവ്രത രേഖപ്പെടുത്തി

ടെഹ്‌റാൻ: ഇറാനിൽ ഭൂചലനം. വെള്ളിയാഴ്‌ച രാത്രി റിക്‌ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. സെംനാനിന് 35 കിലോമീറ്റർ താഴെയായിരുന്നു ഭൂചലനം. ഭൂചലനത്തിൽ ആർക്കും പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടില്ല. അറേബ്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ സംഗമിക്കുന്ന ആൽപൈൻ-ഹിമാലയൻ ഭൂകമ്പ മേഖലയിലാണ് ഇറാൻ. ലോകത്തിലെ ഏറ്റവും ഭൂചലന സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ്.

സെംനാൻ പ്രവിശ്യയിലാണ് ഇറാന്റെ മിസൈൽ കേന്ദ്രം സ്ഥിതി ചെയ്യുന്നത്‌. ഇറാനിൽ സാധാരണയായി ഒരു വർഷം 2,100 ഭൂചലനങ്ങൾ വരെ ഉണ്ടാകാറുണ്ട്. അതിൽ 15 മുതൽ 16 വരെ 5.0 അല്ലെങ്കിൽ അതിൽ കൂടുതൽ തീവ്രതയുള്ള ഭൂചലനങ്ങളാണ്. 2006 നും 2015 നും ഇടയിൽ രാജ്യത്ത് 96,000 ഭൂചലനങ്ങളാണ്‌ ഉണ്ടായിട്ടുള്ളത്‌.

 

ഇറാനു പുറമേ ശനിയാഴ്ച പുലർച്ചെ തജിക്കിസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. 140 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂചലനം.

Advertisements

 

Share news