KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം ഇന്ന് പുനരാരംഭിക്കും

സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം ഇന്ന് പുനരാരംഭിക്കും. ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ആറ് ലിറ്റര്‍ മണ്ണെണ്ണയും, എഎവൈ കാര്‍ഡുകാര്‍ക്ക് ഒരു ലിറ്ററും മറ്റ് കാര്‍ഡുകാര്‍ക്ക് അര ലിറ്റര്‍ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. മണ്ണെണ്ണ മൊത്തവ്യാപാരികളുമായും, റേഷന്‍ വ്യാപാരികളുടെ സംഘടനാ പ്രതിനിധികളുമായൂം മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. 2025-26 വര്‍ഷത്തിന്റെ ആദ്യപാദത്തിലേയ്ക്ക് 5676 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ കുറവ് വരുത്തിയിരുന്നു.

മണ്ണെണ്ണ വിഹിതത്തിലെ കുറവ് മൂലം മൊത്തവ്യാപാര ഡിപ്പോകള്‍ പലതും ഒരു വര്‍ഷത്തിലധികമായി പ്രവര്‍ത്തനരഹിതമാവുകയും കടത്തുകൂലിയിലെയും റീട്ടെയില്‍ കമ്മിഷനിലെയും നിരക്ക് കാലാനുസൃതമായി പുതുക്കാത്തതിനാല്‍ മൊത്തവ്യാപാരികളും റേഷന്‍ ഡീലര്‍മാരും മണ്ണെണ്ണ വിട്ടെടുത്ത് വിതരണം ചെയ്യാന്‍ വിമുഖത കാണിക്കുകയും ചെയ്തിരുന്നു. ഇത് സംസ്ഥാനത്തെ റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തില്‍ പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു.

Share news