തീരദേശ മേഖലാ ദ്വിദിന ക്യാമ്പിന് എലത്തൂരിൽ തുടക്കമായി

എലത്തൂർ: സംസ്ഥാന വനിതാ കമീഷൻ സംഘടിപ്പിക്കുന്ന തീരദേശ മേഖലാ ദ്വിദിന ക്യാമ്പിന് എലത്തൂരിൽ തുടക്കമായി. സേതൂ സീതാറാം എൽപി സ്‌കൂളിൽ വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്തു. കൗൺസിലർ വി കെ മോഹൻദാസ് അധ്യക്ഷയായി. ക്യാമ്പിൽ തീരദേശമേഖലയിൽ വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു.

ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാറും ഗൃഹസന്ദർശനവും നടക്കും. മറ്റു മേഖലകളെ അപേക്ഷിച്ച് തീരദേശമേഖലയിലെ സ്ത്രീകൾക്ക് പ്രകൃതിദുരന്തം, ഗാർഹിക പീഡനങ്ങൾ, സാമ്പത്തിക ഭദ്രതയില്ലായ്മ, തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിലും ആരോഗ്യ പരിപാലനത്തിലുമുള്ള അപര്യാപ്തത, ഭൗതിക സാഹചര്യങ്ങളുടെ പോരായ്മ തുടങ്ങിയ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനുമാണ് രണ്ടു ദിവസങ്ങളിലെ ക്യാമ്പ്.

വനിതാ കമീഷൻ മെമ്പർ സെക്രട്ടറി വൈ ബി ബീന, വനിതാ കമീഷനംഗം ജയശ്രീ, പ്രോജക്ട് ഓഫീസർ എൻ ദിവ്യ എന്നിവർ സംസാരിച്ചു. വനിതാ കമീഷൻ ഡയറക്ടർ ഷാജി സുഗുണൻ ആമുഖ പ്രഭാഷണം നടത്തി. ശനിയാഴ്ച രാവിലെ മുതൽ ഗൃഹസന്ദർശനവും സെമിനാറും നടക്കും. വനിതാ കമീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത്, മാമ്മൻ മത്തായി, വി ആർ മഹിളാമണി, അഡ്വ. പി കുഞ്ഞായിഷ തുടങ്ങിയവർ ശനിയാഴ്ച ക്യാമ്പിൽ പങ്കെടുക്കും.

