വെള്ളയിൽ ഹാർബറിൽ കെട്ടിയിട്ടിരുന്ന ബോട്ട് ശക്തമായ കാറ്റിൽ മണൽ തിട്ടയിലിടിച്ച് തകർന്നു

കോഴിക്കോട്: ട്രോളിങ് നിരോധനത്തെ തുടർന്ന് വെള്ളയിൽ ഹാർബറിൽ കെട്ടിയിട്ടിരുന്ന ബോട്ട് ശക്തമായ കാറ്റിൽ മണൽ തിട്ടയിലിടിച്ച് തകർന്നു. നടക്കാവ് നാലുകുടി പറമ്പ് അബ്ദുവിന്റെ 32 അടി നീളമുള്ള ബോട്ടാണ് തകർന്നത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് ബോട്ട് കെട്ടുപൊട്ടി മണൽത്തിട്ടയിൽ കയറിയത്.

കാറ്റിൽ മണൽത്തിട്ടയിൽ ആടിയുലഞ്ഞ ബോട്ടിന്റെ അടിഭാഗം പൂർണമായും തകർന്നു. ഇതോടെ വെള്ളം കയറിയ ബോട്ട് ഒരു ഭാഗത്തേക്ക് ചരിഞ്ഞു. ബോട്ട് നിവർത്തിയെങ്കിലും ശക്തമായ കടലേറ്റത്തെ തുടർന്ന് തീരത്തേക്ക് എത്തിക്കാനായില്ല.

