KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് പൊതു പരിപാടികളിലും വിവാഹ ചടങ്ങുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് പൊതു പരിപാടികളിലും വിവാഹ ചടങ്ങുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ നിരോധനം പ്രാബല്യത്തിലാകും. പ്ലാസ്റ്റിക് മലിനീകരണം വ്യാപകമാകുന്നതില്‍ റെയില്‍വേയ്ക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

വിവാഹ സത്കാരങ്ങള്‍, ഓഡിറ്റോറിയം, ഹോട്ടല്‍, റസ്റ്റോറന്റ് എന്നിവിടങ്ങളിലെ പരിപാടികളിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക ചടങ്ങുകളിലും പ്ലാസ്റ്റിക് നിരോധിച്ചാണ് ഹൈക്കോടതി ഉത്തരവ്. പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച ഭക്ഷണപാത്രങ്ങള്‍, കപ്പ്, സ്‌ട്രോ, കേക്ക് മുറിക്കുന്ന കത്തി, സ്പൂണുകള്‍, പ്ലാസ്റ്റിക് കവര്‍, ലാമിനേറ്റഡ് ബേക്കറി ബോക്‌സ് എന്നിവയുടെ ഉപയോഗവും വില്പനയും നിരോധിച്ചു. മലയോര ടൂറിസം മേഖലകളില്‍ ഒറ്റത്തവണ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും നിരോധിച്ചു.

 

അഞ്ച് ലിറ്ററില്‍ താഴെയുള്ള കുപ്പി വെള്ളം, രണ്ട് ലിറ്ററില്‍ താഴെയുള്ള ശീതളപാനീയ കുപ്പി എന്നിവയ്ക്കും നിരോധനമുണ്ട്. ബ്രഹ്മപുരത്ത് മാലിന്യത്തിന് തീപിടിച്ചതിന് പിന്നാലെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസും പി ഗോപിനാഥും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ നിരോധനം പ്രാബല്യത്തിലാകും. പ്ലാസ്റ്റിക് നിരോധനം ഹോട്ടലുകളുടെ ലൈസന്‍സ് വ്യവസ്ഥകളുടെ ഭാഗമാക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

Advertisements

 

പ്ലാസ്റ്റിക് മലിനീകരണം വ്യാപകമാകുന്നതില്‍ റെയില്‍വേക്ക് നേരെയും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായി. വന്ദേഭാരത് ട്രെയിനില്‍ വില്‍ക്കുന്ന കുടിവെള്ളക്കുപ്പികള്‍ തിരുവനന്തപുരത്ത് കൂട്ടമായി ഉപേക്ഷിച്ചെന്നും ഇത് ഒഴുകിയെത്തിയത് കായലിലേക്കാണെന്നും കോടതി ചൂണ്ടിക്കാട്ടി. മലയോര വിനോദസഞ്ചാര മേഖലകളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കണം. പ്ലാസ്റ്റിക് ഇതര വെള്ളകുപ്പികള്‍ പ്രോത്സാഹിപ്പിക്കണമെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.

Share news