തിരുമുമ്പിൽ നാരായണൻ്റെ ആഗസ്മിക മരണം നാടിനെ ദഃഖത്തിലാഴ്ത്തി

ചേമഞ്ചേരി: ചേമഞ്ചേരിക്കാരുടെ പ്രിയ ഡ്രൈവർ തിരുമുമ്പിൽ നാരായണേട്ടൻ ഇനി ഓർമ്മ.. പലർക്കും നാരായണേട്ടനെപ്പറ്റി പറയാൻ ഏറെയാണുള്ളത്.. ഇനി നാരാണേട്ടൻ വീട്ടിലേക്ക് പൊയ്ക്കോ… നേരം വെളുത്ത്.. മണിക്കൂറുകളായിട്ട് ഇങ്ങനെ നിക്കല്ലേ.. ഗുരുതരാവസ്ഥയിലുള്ള രോഗിയേയും കൊണ്ട് മുക്കാടി കടപ്പുറത്ത് നിന്നും പാതിരയ്ക്ക് 12 മണിക്ക് കാറിൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പറന്നെത്തിയ ഡ്രൈവർ നാരായണൻ ബന്ധുക്കൾക്കൊപ്പം പരിചിതരായ കാഷ്വാലിറ്റി ജീവനക്കാരുടേയും ഡോക്ടറുടേയു സഹായം ഉറപ്പ് വരുത്തി രോഗിയുടെയും ബന്ധുക്കളുടേയും ആശ്വാസ നെടുവീർപ്പിന് ശേഷമെ കാറുമായി വീട്ടിലേക്ക് മടങ്ങാറുണ്ടായിരുന്നുള്ളൂ.
.

.
ചേമഞ്ചേരിയിൽ റോഡപകടം ഉണ്ടായാൽ ആദ്യം കൈത്താങ്ങുമായി എത്തിയിരുന്നത് നാടിന്റെ ഈ പ്രിയപ്പെട്ട ഡ്രൈവർ ആയിരുന്നു. ആതുര സേവന സന്നദ്ധത പാലിയേറ്റീവ് സംവിധാനത്തിലേക്ക് പ്രവേശിക്കും മുമ്പ് ചേമഞ്ചേരിക്കാർക്ക് പരിചിതനായ ആതുര സേവകനായിരുന്നു തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ന് വിട പറഞ്ഞ തിരുമുമ്പിൽ നാണായണൻ (68). പൂക്കാട് അങ്ങാടിയിൽ ടാക്സി ഡ്രൈവർമാരുടെ നിരയിൽ അഗ്രഗണ്യനായ ഇദ്ദേഹം ഏത് നട്ടപാതിരായ്ക്കും നാട്ടുകാർ വിളിച്ചാൽ രോഗിയേയും കൊണ്ട് തൻ്റെ വെളുത്ത അമ്പാസിഡർ കാറുമായി വീട്ട് പടിക്കൽ എത്തും. പിന്നെ ഉത്തരവാദിത്തത്തോടെ ഹോസ്പിറ്റലിൽ എത്തിക്കുകയും പരിചരണ സഹായിയായി പ്രവർത്തിക്കുകയും ചെയ്യും.
.

.
ടാക്സി വാടക രോഗി സിസ് ചാർജ് ചെയ്ത് വന്നതിന് ശേഷമായിരിക്കും അദ്ദേഹം കൈപ്പറ്റുക. പരിമിതമായ ജീവിത ചുറ്റുപാടിൽ ജീവിക്കുമ്പോഴും മാനവികത ഉയർത്തി പിടിക്കാൻ ബദ്ധശ്രദ്ധനായിരുന്ന സോഷ്യലിസ്റ്റായിരുന്നു അദ്ദേഹം. ഇക്കാരണത്താൽ ജാതി മത ഭേദമന്യേ സർവ്വ സ്വീകാര്യനായിരുന്നു ഡ്രൈവർ നാരായണൻ. ഒറ്റപ്പെട്ട് പോകുന്ന സന്ദർഭങ്ങളിലും വിഷമസന്ധികളിലുമാണ് മനുഷ്യന് മനുഷ്യരുടെ സഹായം വേണ്ടത്. ആ സഹായഹസ്തങ്ങൾ നൂറ്കണക്കിന് ആളുകൾക്ക് നൽകി കൊണ്ടാണ് നാടിൻ്റെ പ്രിയങ്കരനായ ഡ്രൈവർ വിടവാങ്ങുന്നത്.
.

.
കഷ്ടതയിൽ പഠിച്ച് വളർന്ന് PHD ബിരുദം കരസ്ഥമാക്കിയ ഏക മകൾ ഡോ. ടി.എം ആതിരയിൽ അഭിമാനിതനായിരുന്നു അസുഖാവസ്ഥയിലും നാരായണേട്ടൻ. കൂടെ നിന്ന് പരിചരിച്ച് മരണശയ്യയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് തന്നെ കൈപിടിച്ച് എഴുന്നേല്പിക്കുകയും ഇപ്പോൾ ഒപ്പമിരുന്ന് കണ്ണടയ്ക്കും വരെ ശുശ്രൂഷിച്ച ഭാര്യ രജിതയിലും അഭിമാനിതനായി കൊണ്ടാണ് തിരുമുമ്പിൽ നാരായണൻ അകന്ന് പോവുന്നത്.
ക്ഷേത്രത്തിലെ അടിച്ചു തളിക്കാരിയായി ജീവിച്ച് മരിച്ച അമ്മ പെണ്ണൂട്ടി അമ്മയും വാദ്യ വിദഗ്ദനായിരുന്ന അന്തരിച്ച പിതാവ് ചാത്തുചെട്ട്യാരും നയിച്ച പരിമിതി നിറഞ്ഞ ജീവിത ചുറ്റുപാടിൽ ക്ഷേത്ര നടത്തിപ്പിനോട് ആഭിമുഖ്യവും പ്രവർത്തകർക്ക് ആവേശവും പകരുന്നതിൽ മുമ്പനായിരുന്നു ഊർജ്ജസ്വലനായ കാലത്ത് അദ്ദേഹം. നിശ്ശബ്ദ സേവന സന്നദ്ധ പ്രവർത്തകനായി സാധാരണക്കാരനായി ജീവിച്ച് പിൻവാങ്ങുന്ന തിരുമുമ്പിൽ നാരായണനെ ഏറെ ആദരവോടെയാണ് നാട് നോക്കി കാണുന്നത്.
