KOYILANDY DIARY.COM

The Perfect News Portal

വിമാന ദുരന്തത്തിൽ മരണം 294 ആയി; 24 പ്രദേശവാസികൾക്കും ജീവൻ നഷ്ടപ്പെട്ടു

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണം 294 ആയി. 24 പ്രദേശവാസികൾക്കും അപകടത്തിൽ ജീവൻ നഷ്ടമായിട്ടുണ്ട്. നിലവിൽ അറുപതിലേറെ പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ അഹമ്മദാബാദിൽ എത്തും. സിവിൽ ആശുപത്രിയിൽ പരിക്കേറ്റവരെ കാണും. ദുരന്തത്തിൽ ഡിജിസിഎ അടക്കം പ്രഖ്യാപിച്ച അന്വേഷണങ്ങൾ ഇന്ന് തുടങ്ങും.

അഹമ്മദാബാദ് വിമാനദുരന്തത്തിൽ എഎഐബിയുടെ അന്വേഷണം ആരംഭിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചു. കൂടുതൽ പരിശോധനകൾക്കായി വിദഗ്ധ സംഘത്തെ രൂപീകരിക്കും. വിമാനയാത്രയിലെ സുരക്ഷ വർദ്ധിപ്പിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു.

 

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ ചെലവുകളും കമ്പനി വഹിക്കും. വിമാനം തകർന്നു വീണ ബി ജെ ഹോസ്റ്റലിന്‍റെ പുനർനിർമാണവും കമ്പനി നടത്തും.

Advertisements

 

വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. ഇതിലെ വിവരങ്ങളാകും അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിൽ നിർണായകമാവുക. വിമാന ദുരന്തത്തിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്. ത്രസ്റ്റ് ഉണ്ടായിരുന്നില്ലെന്ന പൈലറ്റിന്റെ അവസാന സന്ദേശം നിർണായകമാണ്. രണ്ട് എഞ്ചിനുകളും പ്രവർത്തന രഹിതമായോ എന്ന് പരിശോധിക്കണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പക്ഷികൾ ഇടിച്ചോ എന്നും അന്വേഷിക്കും.

Share news