കഞ്ചാവും കള്ളനോട്ടും തോക്കുമായി മൂന്ന് പേർ പൊലീസ് പിടിയിൽ

തിരുവനന്തപുരത്ത് പോത്തൻകോട് കഞ്ചാവും കള്ളനോട്ടും തോക്കുമായി മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോത്തൻകോട് കരൂർ ഇടത്താട് രാം വിവേകിന്റെ വീട്ടിൽ പോത്തൻകോട്, നെടുമങ്ങാട് പൊലീസ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

രാം വിവേക്, അഭിൻലാൽ, ഋഷിൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാപ്പാ കേസിലെ പ്രതിയെ അന്വേഷിച്ച് എത്തിയതായിരുന്നു നെടുമങ്ങാട് പൊലീസ്. കാപ്പ പ്രതിക്ക് വേണ്ടി നടത്തിയ പരിശോധനയിൽ കള്ളനോട്ടും കഞ്ചാവും തോക്കും കണ്ടെടുക്കുകയായിരുന്നു.

തുടർന്ന് മൂന്നു പേരെയും ഇന്ന് വെളുപ്പിന് പൊലീസ് കസ്റ്റഡിയിലെടുത്തു. രാം വിവേകിന്റെ കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു. പെൺകുട്ടിയെ കൂടുതൽ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിൽ പെൺകുട്ടിക്ക് പങ്കുണ്ടെന്ന് കണ്ടാൽ കസ്റ്റഡിയിലെടുക്കും. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

