ഹൈവേ നിർമാണത്തിൽ കരാർ കമ്പനികൾ കാണിക്കുന്ന അനാസ്ഥക്കെതിരെ സിപിഐഎം അദാനി ഓഫിസിന് മുൻപിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

കൊയിലാണ്ടി: ഹൈവേ നിർമാണത്തിൽ കരാർ കമ്പനികൾ കാണിക്കുന്ന അനാസ്ഥക്കെതിരെ സിപിഐഎം പൊയിൽക്കാവ് ചെങ്ങോട്ടുകാവ് ലോക്കൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കൊയിലാണ്ടി അദാനി ഓഫിസിന് മുൻപിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ചെങ്ങോട്ടുകാവിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണുക, റോഡുകളിൽപ്പെട്ട കുഴികൾ നികത്തുക, പൊയിൽക്കാവിലെ പൊടിശല്യം പരിഹരിക്കുക, സർവീസ് റോഡിന്റെ പണി അടിയന്തിരമായി പൂർത്തികരിക്കുക, ഓവ് പാല നിർമാണം പ്രായോഗികമായി ഉടൻ പൂർത്തികരിക്കുക, വെള്ള കെട്ടിന് പരിഹാരം കണ്ടെത്തുക, വഗാഡ് കമ്പനിയുടെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് പ്രക്ഷോഭത്തിന്റെ ഭാഗമായി ഉന്നയിച്ചത്.

പരിപാടി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി. സത്യൻ അഭിവാദ്യം ചെയ്തു. അനിൽ പറമ്പത്ത് സ്വാഗതം പറഞ്ഞ സമര പരിപാടിയിൽ പി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥരുമായി സമര നേതാക്കൾ ചർച്ച നടത്തി നിവേദനം സമർപ്പിക്കുകയും ചെയ്തു. ഉയർന്നുവന്ന പ്രശ്നങ്ങളെല്ലാം അടിയന്തിരമായി പരിഹരിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത അദാനി ഉദ്യോഗസ്ഥർ ഉറപ്പു നൽകി. കെ ബേബി സുന്ദർരാജ്, പി. വേണു, കെ. ഗീതാനന്ദൻ, എ. സോമശേഖരൻ, പി. വി. സോമശേഖരൻ, രജിലേഷ്, കെ. രാജൻ മാസ്റ്റർ, ശിവദാസൻ, വിഷ്ണു പ്രസാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

