KOYILANDY DIARY.COM

The Perfect News Portal

ഡിജിറ്റലിലേക്ക് ചുവടുവെക്കാന്‍ തപാല്‍ വകുപ്പും; പിന്‍കോഡുകള്‍ക്ക് പകരം ഇനി ഡിജിപിന്‍

പിന്‍കോഡുകള്‍ക്ക് പകരം ഡിജിറ്റല്‍ പിന്നുകള്‍ അവതരിപ്പിച്ച് തപാല്‍ വകുപ്പ്. ഡിജിപിന്‍ സംവിധാനം ഉപയോഗിച്ച് ഇനി മുതല്‍ വിലാസങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ സാധിക്കും. മുന്‍പ് പിന്‍കോഡുകള്‍ ഒരു സ്ഥലത്തെ മുഴുവന്‍ സൂചിപ്പിക്കുന്നതായിരുന്നെങ്കില്‍ ഡിജിപിന്‍ സൂചിപ്പിക്കുക ഒരു നിശ്ചിത പ്രദേശത്തെ ആയിരിക്കും. തപാല്‍ വകുപ്പ് പൂര്‍ണമായും ഡിജിറ്റലായി മാറുന്നതിന്റെ മുന്നോടിയാണ് പുതിയ തീരുമാനം. പത്ത് ഡിജിറ്റുള്ള ആല്‍ഫന്യുമറിക് കോഡാണ് ഡിജിപിന്‍ ആയി ഉപയോഗിക്കുന്നത്.

വ്യക്തികള്‍ക്ക് അവരുടെ ഭവനങ്ങളുടേയും വസ്തുവിന്റേയും കൃത്യമായ ലൊക്കേഷന്‍ എടുത്ത് ഡിജിപിന്‍ കോഡ് ജനറേറ്റ് ചെയ്യാം. ഇതിനായി സര്‍ക്കാര്‍ പ്രത്യേക വെബ്സൈറ്റും രൂപീകരിച്ചിട്ടുണ്ട്. പുതിയ സംവിധാനം എത്തുന്നതോടെ പോസ്റ്റല്‍ സര്‍വീസ്, കൊറിയറുകള്‍ തുടങ്ങി അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ്, ഫയര്‍ ഫോഴ്‌സ്, പൊലീസ് എന്നിവയുടെ സേവനങ്ങള്‍ വരെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കും. ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ വഴി ഷോപ്പിങ് നടത്തുന്നവര്‍ക്കും ഡിജിപിന്‍ ഉപയോഗപ്രദമാകും.

ഡിജിപിന്നിലൂടെ തപാല്‍ സേവനങ്ങള്‍ കൂടുതല്‍ മികച്ചരീതിയിലാക്കി മാറ്റാനാകുമെന്നും, ഇതിനായി ജനങ്ങളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കില്ലെന്നും തപാല്‍ വകുപ്പ് പറയുന്നു. ഐഐടി ഹൈദരാബാദ്, എന്‍ആര്‍എസ്സി, ഐഎസ്ആര്‍ഒ എന്നിവയുമായി സഹകരിച്ചാണ് തപാല്‍ വകുപ്പ് ഡിജിപിന്‍ വികസിപ്പിച്ചിരിക്കുന്നത്.

Share news